ഖത്തറില്‍ ഫിഫ ലോകകപ്പ് ; സുരക്ഷയ്ക്ക് വിദേശ ഉദ്യോഗസ്ഥരെ നിയോഗിക്കും

ദോഹ: 2022 ഫിഫ ലോകകപ്പ് ലോകത്ത് ഇന്നുവരെ നടന്നതില്‍ ഏറ്റവും സുരക്ഷിതമായി നടത്താനാണ് ഖത്തര്‍ തയ്യാറെടുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍. ഇതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഴിവുറ്റ പോലീസ് ഉദ്യോഗസ്ഥരെയും ഖത്തറില്‍ നിയോഗിക്കുമെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗം ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മേജര്‍ അലി മുഹമ്മദ് അല്‍ അലി വ്യക്തമാക്കി. ആള്‍ക്കുട്ടത്തെ നിയന്ത്രിക്കുന്നതിനും കുഴപ്പക്കാരായ ടീം ആരാധകരെ നിലനിര്‍ത്തുന്നതിനും വിദഗ്ധരായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും സുരക്ഷിതവും സമാധാനപൂര്‍ണവുമായ ലോകകപ്പാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഇവിടെ സംഭവിക്കാതിരിക്കാനാണ് മുന്‍കരുതല്‍ നടപടിയ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനുവേണ്ടിയാണ് ദേശീയവും പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സംഘടനകള്‍ രാഷ്ട്രങ്ങള്‍ ഏജന്‍സികള്‍ തുടങ്ങിയവയും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മേജര്‍ അലി പറഞ്ഞു.

ലോകകപ്പിന് ഒരുങ്ങാന്‍ നീണ്ട 10 വര്‍ഷം ലഭിച്ച ഏക രാജ്യമായിരിക്കും ഖത്തര്‍. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍കൂട്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചതായും അദേഹം വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ മല്‍സരമെന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 13 ലക്ഷം ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പ് വേളയില്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. രാജ്യത്തിനെതിരെ അഞ്ചുമാസമായി നീളുന്ന അറബ് ഉപരോധത്തെ അതിജീവിച്ചാണ് സ്‌റ്റേഡിയം ഉള്‍പ്പെടെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് ഒരുക്കങ്ങളുമായി ഖത്തര്‍ മുന്നോട്ട് പോകുന്നത്.