ലോകകപ്പ്‌ ഫുട്‌ബോള്‍ ഖത്തറില്‍ തന്നെ

qatar-2022-Doha-Port-stadiumദോഹ: ലോകകപ്പ്‌ വേദി മാറ്റുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ 2022 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഖത്തറില്‍ തന്നെ നടകുമെന്ന്‌ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ്‌ ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി വ്യക്തമാക്കി. വേദിമാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ രാജ്യത്തുണ്ടെന്ന ഫിഫയുടെ വാദങ്ങള്‍ക്ക്‌ യാതൊരടിസ്ഥാനവുമില്ലെന്നും ലോകകപ്പിനെ വരവേല്‍ക്കാന്‍ രാജ്യമൊന്നടങ്കം ഒരുങ്ങിക്കഴിഞ്ഞുവെന്നും അല്‍ തവാദി പറഞ്ഞു.

ലോകകപ്പിനായി വക്‌റ, അല്‍ ബൈന്ത്‌ അല്‍ ഖോര്‍, ഖലീഫ ഇന്റര്‍ നാഷണന്‍, ഖത്തര്‍ ഫൗണ്ടേഷന്‍, റയ്യാന്‍, ലുസൈല്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങി ആറ്‌ സ്റ്റേഡിയങ്ങളുടെ പണി പുരോഗമിക്കുകയാണ്‌. രാജ്യത്ത്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന എണ്ണവിലയുടെ തകര്‍ച്ച ഒരു കാരണവശാലും ലോകകപ്പ്‌ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല. തങ്ങളുടെ ലക്ഷ്യം മിഡിലീസ്റ്റില്‍ ചാമ്പ്യന്‍ഷിപ്പ്‌ വളരെ ഭംഗിയായി നടത്തുകയെന്നതാണെന്നും അദേഹം പറഞ്ഞു.

ദോഹയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്‌പോര്‍ട്‌സ്‌ പ്രസ്‌ ഫെഡറേഷന്‍ 79 ാംകോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ സംസാരിക്കവെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.