ഖത്തറില്‍ പ്രാവാസികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ തൊഴിലുടമയെ നേരത്തെ അറിയിക്കണം

ദോഹ: രജ്യത്ത് നിന്ന് നട്ടിലേക്ക് അവധിക്കോ ജോലിയില്‍ നിന്ന് വിരമിച്ചോ പോകുന്ന പ്രവാസികള്‍ തൊഴിലുടമയെ ഇക്കാര്യം നേരത്തെ അറിയിക്കണമെന്ന് നിയമം. വിദേശികളുടെ വരവും പോക്കും സംബന്ധിച്ചുള്ള പുതിയ നിയമം കഴിഞ്ഞ ഡിസംബര്‍ 14 മുതലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഈ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവെച്ച 2017 ലെ ഒന്നാം നമ്പര്‍ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഡിസംബര്‍ 14 ന് ഈ നിയമം നടപ്പാകും മുമ്പെ തന്നെ നിയമത്തിലെ ചില വകുപ്പുകള്‍ ദേദഗതി ചെയ്യണമെന്ന് ശൂറാകൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ദേഗഗതി. ഭേദഗതി ചെയ്ത പുതിയ നിയമത്തില്‍ രണ്ട് ശ്രദ്ധേയ വ്യവസ്ഥകള്‍ പുതുതായുണ്ട്. 2015 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ ഏഴാം വകുപ്പിന് പകരമായുള്ള വ്യവസ്ഥ പ്രകാരം പ്രവാസി രാജ്യത്ത് നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തൊഴിലുടമയെ അറിയിക്കണം.
ഇക്കാര്യം കരാറിലും ഉണ്ടാകും. തൊഴില്‍ അവസാനിച്ച് പോകുന്ന വിദേശികള്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുമ്പ് നിശ്ചിത സമയ പരിധിക്കുള്ളില്‍തന്നെ തൊഴില്‍ ഉടമയെ ഇക്കാര്യം അറിയിക്കണം.
ഭേദഗതി ചെയ്ത രണ്ടാം വ്യവസ്ഥ പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന രണ്ടാം ദിവസം മുതല്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും നിയമം നടപ്പാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. അതിനൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം വിദേശ തൊഴിലാളി രാജ്യം വിടുന്നതിനുമുമ്പ് മൂന്ന് ദിവസം മുമ്പായി തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ അത് ഇനി തൊഴിലാളി തന്‍െറ തൊഴില്‍ ഉടമയെ അറിയിച്ചാല്‍ മതി. പുതിയ കുടിയേറ്റ നിയമപ്രകാരം തൊഴില്‍ ഉടമ തന്‍െറ തൊഴിലാളിക്ക് എക്സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ പ്രവാസിക്ക് എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമല്ളെങ്കില്‍ അപേക്ഷകന് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും. ആഭ്യന്തര മന്ത്രാലയം ലീഗല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലീം അല്‍ മറൈഖിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ആഭ്യന്തര മന്ത്രാലയം, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്‍റ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രാലയം, ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ് കമ്മിറ്റി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.