ഖത്തറില്‍ 500 ജീവനക്കാരുള്ള കമ്പനിയില്‍ ഡോക്ടറും നഴ്‌സും നിര്‍ബന്ധം

ദോഹ:തൊഴിലിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി പുതിയ തൊഴില്‍ നിയമം പ്രാവര്‍ത്തികമാക്കി അധികൃതര്‍. ഇതുപ്രകാരം തൊഴിലിടങ്ങളില്‍ ശുചിത്വവും വായുസഞ്ചാരവും ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ജോലി സ്ഥലത്ത് ആവശ്യമായ കുടിവെള്ളവും മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനവും ഉറപ്പു വരുത്തണം.

കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 25 നിടയിലാണെങ്കില്‍ ഇവിടെ മരുന്നും ഉപകരണങ്ങളും അടങ്ങിയ ഫസ്റ്റൈഡ് ബോക്‌സ് ഉണ്ടായിരിക്കണം. എല്ലാവര്‍ക്കും ലഭിക്കത്തക്കവിധം പൊതുസ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്. പ്രാഥമിക വൈദ്യസഹായം നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഒരു ജോലിക്കാരനെയും നിയോഗിക്കണം. ജീവനക്കാരുടെ എണ്ണം 25 കവിഞ്ഞാല്‍ ഓരോ ജീവനക്കാര്‍ക്കും ഒരു ഫസ്റ്റൈഡ് ബോക്‌സ് എന്ന കണക്കില്‍ ഉണ്ടായിരിക്കണം.

കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം നൂറാണെങ്കില്‍ അവിടെ ഒരു നഴ്‌സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ ജീവനക്കാരുടെ എണ്ണം അഞ്ഞൂറിന് മുകളിലാണെങ്കില്‍ ചുരുങ്ങിയത് ഒരു ഡോക്ടറും നഴ്‌സും ഉള്‍പ്പെടുന്ന ഒരു ക്ലിനിക്ക് സ്ഥാപിക്കണം. ജോലിക്കാരുടെ ആരോഗ്യ സ്ഥിതി സംരക്ഷിക്കാന്‍ ഇടിയ്ക്കിടെ ജീവനക്കാര്‍ക്ക് വൈദ്യ പരിശോധന നടത്തണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.