തൊഴില്‍ സമയ മാറ്റം;ഖത്തറില്‍ 42 കമ്പനികള്‍ക്കെതിരെ നടപടി

qatar--621x414ദോഹ: തൊഴിലാളികളുടെ മധ്യാഹ്ന തൊഴില്‍ സമയത്തില്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് 42 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴില്‍- സാമൂഹ്യ വകുപ്പ് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രാലയം വിവരം അറിയിച്ചത്.
ജൂണ്‍ 15 വരെ നടത്തിയ പരിശോധനയില്‍ 475 സൈറ്റുകളില്‍ നിന്നും 42 കമ്പനികള്‍ക്കെതിരെയാണ് നിയമ ലംഘനം കണ്ടെത്തി നടപടികള്‍ സ്വീകരിച്ചത്.
ഈ കമ്പനികള്‍ താത്ക്കാലികമായി അടച്ചു.
നിലവില്‍ ഖത്തറിലെ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതിനാലാണ് ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് നിയമം അനുശാസിക്കുന്നത്.
ജൂണ്‍ 15 മുതല്‍ ആഗസ്ത് 31 വരെ രാവിലെ പതിനൊന്നര മണി മുതല്‍ വൈകിട്ട് മൂന്ന് വരെ ഉച്ച സമയത്ത് പുറത്ത് ജോലിയെടുപ്പിക്കാന്‍ പാടില്ലെന്നാണ് നിയമം.
സൂര്യന് കീഴില്‍ ജോലിയെടുക്കുന്നവരുടെ പ്രവര്‍ത്തി സമയം പകല്‍ അഞ്ച് മണിക്കൂറാക്കി ചുരുക്കിയിരുന്നു. തൊഴിലാളികളുടെ പ്രതിദിന ജോലി സമയം സൈറ്റില്‍ കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.