ഖത്തറിലെ തൊഴില്‍ സംരംഭകര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യാം

ദോഹ: വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും അവര്‍ക്കാവശ്യമായ തൊഴിലാളികളെ ഏത് രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യാമെന്ന് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയത്തിലെ പെര്‍മെനന്റ് റിക്രൂട്ട്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ ദിഹൈമി അറിയിച്ചു. ഏതെങ്കിലും രാജ്യത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരോധനമെന്ന് പേര് വിളിക്കാനാവുന്ന കാര്യങ്ങളൊന്നും തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്റെ കാര്യങ്ങളിലില്ല. എന്നാല്‍ റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ക്ക് ഏതെങ്കിലും രാജ്യവുമായോ രാജ്യക്കാരുമായോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ പരിഹരിച്ചു മാത്രമേ പുതിയവരെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ മേഖലയ്ക്ക് പിറകെ വിദഗ്ധ തൊഴിലാളികളെയാണ് കൂടുതലായി ആവശ്യം വരുന്നത്. ഇന്ത്യക്കും ബംഗ്ലാദേശിനും പിറകില്‍ നേപ്പാളികളെയാണ് കൂടുതല്‍ കമ്പനികളും ഈ കാര്യത്തിനായി തേടുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ഖത്തറിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാണെന്നതും ഇവര്‍ക്ക് പരിശീലനം നല്കാന്‍ നിരവധി കേന്ദ്രങ്ങള്‍ അവരുടെ രാജ്യങ്ങളിലുള്ളതുമാണ് കമ്പനികളെ ആകര്‍ഷിക്കുന്നത്.

തൊഴില്‍ നിയമലംഘനങ്ങളോ രാജ്യങ്ങളുമായി പ്രശ്‌നങ്ങളില്ലാതിരിക്കുകയോ ചെയ്യുന്ന കമ്പനികളുടെ റിക്രൂട്ടിംഗ് അപേക്ഷകള്‍ തള്ളാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായികള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അപേക്ഷകള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ അവ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിക്രൂട്ട്‌മെന്റ് സര്‍വീസുകള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉടന്‍ ലഭ്യമാകുമെന്നും ഇബ്രാഹിം അബ്ദുല്ല അല്‍ ദിഹൈമി പറഞ്ഞു.

റിക്രൂട്ട്‌മെന്റ് കമ്മിറ്റിക്ക് പ്രതിദിനം 500 മുതല്‍ 700 വരെ അപേക്ഷകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.