സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഖത്തറികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

Qatarദോഹ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ 14.7 ലക്ഷം പ്രവാസികള്‍ ജോലി ചെയ്യുമ്പോള്‍ ഖത്തരികളുടെ എണ്ണം 12,400 മാത്രം. 2014ലെ കണക്കുകള്‍ പ്രകാരം ജി സി സി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കുറവ് സ്വദേശികള്‍ ജോലി ചെയ്യുന്നത് ഖത്തറിലാണ്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഖത്തരികളുടെ എണ്ണത്തില്‍ 248 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളത്. 2006ല്‍ 3600 ഖത്തരികള്‍ മാത്രം സ്വകാര്യ മേഖലയില്‍ ജോലി ചെയ്തപ്പോള്‍ 2014ല്‍ എണ്ണം 12,400 ആയി വര്‍ധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനകം ഒന്‍പതിനായിരത്തോളം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രമായ അല്‍ വതനാണ് കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ ശതമാനത്തില്‍ ജി സി സിയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഖത്തറിലേത്. എന്നാല്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 254 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 2006ല്‍ 4,17,000 പ്രവാസികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ സ്വകാര്യ മേഖലയിലേക്ക് പ്രവേശിച്ച കുവൈത്തികളുടെ എണ്ണം 138 ശതമാനവും ഒമാനികള്‍ 73 ശതമാനവും സഊദി അറേബ്യയില്‍ 54 ശതമാനവും ബഹറൈനില്‍ 22 ശതമാനവുമാണ് വര്‍ധിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും വലിയ സഊദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ 16.5 ലക്ഷം സ്വദേശികളും 57 ലക്ഷം പ്രവാസികളുമാണ് ജോലി ചെയ്യുന്നത്.
സ്വകാര്യ മേഖലയില്‍ 1,98,000 ഒമാനികളും 99,000 ബഹറൈനികളും 91,000 കുവൈത്തികളുമാണ് അവരവരുടെ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്.