ഖത്തറില്‍ അവധിയിലുള്ള തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല

ദോഹ: രാജ്യത്തു അവധിയിലുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികളുടെ വരവുപോക്കു സംബന്ധിച്ച പുതിയ കുടിയേറ്റ നിയമത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള വ്യവസ്ഥയെകുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.പുതിയ വ്യവസ്ഥയുടെ വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം സാമൂഹിക മാധ്യമത്തിലാണ് വിശദീകരിച്ചത്. നിയമത്തിലെ രണ്ട് പ്രധാനവ്യവസ്ഥകളാണ് മന്ത്രാലയം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്.

അവധിയില്‍ പോയിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് പുതിയ നിയമത്തിലെ 85-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അവധിയിലിരിക്കെ സേവനകരാര്‍ റദ്ദാക്കാന്‍ പാടില്ല. അവധിക്കിടെ നോട്ടീസ് കാലാവധി അവസാനിച്ചാലും തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് കഴിയില്ല.

അവധിയെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലിചെയ്യാന്‍ പാടില്ലെന്നും നിയമത്തിലെ 84-ാം വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. ഈ വ്യവസ്ഥയ്‌ക്കെതിരായി തൊഴിലാളി പ്രവര്‍ത്തിച്ചാല്‍ അവധിക്കാലത്തെ തൊഴിലാളിയുടെ ശമ്പളം നല്‍കേണ്ടതില്ലെന്നും നിയമം വ്യവസ്ഥചെയ്യുന്നു.