ഖത്തറില്‍ തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ മെഡിക്കല്‍ ലീവിന് അര്‍ഹതയുണ്ട്

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ മെഡിക്കല്‍ ലീവിന് അര്‍ഹതയുണ്ട്. തൊഴില്‍ നിയമത്തിലെ (2004 ലെ 14 ാമത്തെ നിയമം) 82 ാം വകുപ്പുപ്രകാരം ഒരോവര്‍ഷവത്തെ സര്‍വീസിനും വേതനത്തോടെ തൊഴിലാളിക്ക് മെഡിക്കല്‍ ലീവിന് അര്‍ഹതയുണ്ട്. തൊഴിലാളി ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസമെങ്കിലും ജോലി ചെയ്താല്‍ മാത്രമേ മെഡിക്കല്‍ ലീവ് എടുക്കാന്‍ കഴിയുകയുള്ളു. മെഡിക്കല്‍ ലീവ് ലഭിക്കാനായി തൊഴില്‍ ദാതാവ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. തൊഴില്‍ ദാതാവ് അംഗീകരിച്ച ഡോക്ടര്‍മാര്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും ഇതിന് ഉപയോഗിക്കാവുന്നതാണ്.

തൊഴിലാളി എടുക്കുന്ന മെഡിക്കല്‍ ലീവ് രണ്ടാഴ്ചയില്‍ താഴെയമാത്രമാണെങ്കില്‍ ജീവനക്കാരനു മുഴുവന്‍ ശമ്പളവും നല്‍കിയിരിക്കണം. ലീവ് രണ്ടാഴ്ചയില്‍ കൂടുതലായാല്‍ അടുത്ത നാലാഴ്ചത്തേക്ക് പകുതി വേതനം നല്‍കണം. ഇതില്‍ കൂടുതല്‍ ദിവസം മെഡിക്കല്‍ ലീവ് തുടര്‍ന്നാല്‍ ജോലിയില്‍ തിരിച്ച് പ്രവേശിക്കുന്നതുവരെയോ, ജോലി രാജിവെക്കുന്നതുവരെയോ, ആരോഗ്യ കാരണങ്ങളാല്‍ പിരിച്ചുവിടുന്നതുവരെയോ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

അതെസമയം 12 ആഴ്ച കഴിഞ്ഞിട്ടും ജോലിയില്‍ പുനഃപ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ജീവനക്കാരനെ പിരിച്ചുവിടാന്‍ കമ്പനിക്ക് അധികാരമുണ്ട്.