ഖത്തറില്‍ തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ച നിര്‍ബന്ധമായും അവധി നല്‍കണം;മന്ത്രാലയം

ദോഹ: തൊഴിലാളികള്‍ വെള്ളിയാഴ്ച നിര്‍ബന്ധമായും വാരാന്ത്യ അവധി നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലുടമകള്‍ക്ക് ട്വിറ്ററിലൂടെയാണ് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്. തൊഴില്‍ നിയമത്തിലെ 75 ാം നമ്പര്‍ വകുപ്പ് പ്രകാരമാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും വ്യക്തമാക്കിയുള്ള ബോധവല്‍ക്കരണ പരിപാകളുടെ ഭാഗമായാണ് വെള്ളിയാഴ്ച വാരാന്ത്യ അവധി നല്‍കണമെന്ന കര്‍ശന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഷിഫ്റ്റ് തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും വെള്ളിയാഴ്ച അവധി നല്‍കണം. ഇതിനുപുറമെ അവധി ദിവസത്തെ വേതനം പൂര്‍ണമായി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ വേതനത്തോടെ തൊഴിലാളിക്ക് പത്ത് ദിവസത്തെ അവധിക്കും അര്‍ഹതയുണ്ട്.

ഈദുല്‍ഫിത്തറിന്റെ മൂന്ന് ദിവസം, ബക്രീദിന്റെ മൂന്ന് ദിവസം, ദേശീയ ദിനം എന്നിവയാണ് അവധിദിവസങ്ങളില്‍ പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന മറ്റ് മൂന്ന് ദിവസം തൊഴിലാളികള്‍ക്ക് തെരഞ്ഞെടുക്കാമെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.