സ്വദേശികള്‍ക്കെല്ലാം തൊഴില്‍;ഖത്തര്‍ തൊഴില്‍രഹിതരില്ലാത്ത രാജ്യം

ദോഹ: രാജ്യത്ത് സ്വദേശി വല്‍ക്കരണം ഫലപ്രദമെന്ന് ഭരണനിര്‍വഹണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ.ഈസാ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഅയ്മി വ്യക്തമാക്കി. സ്വദേശികള്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയ പദ്ധതികാളാണ് ഈ നേട്ടങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

ഉല്‍പാദനക്ഷമത പരമാവധി വര്‍ധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയമാണ് ഖത്തറിന്റേത്. മനുഷ്യവിഭവശേഷി നിയമത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തൊഴില്‍മേഖലയില്‍ സ്വദേശിവല്‍ക്കരണം പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് ഖത്തര്‍നേരത്തെ തുടക്കമിട്ടതാണ്. സൂപ്പര്‍വൈസറി, സാങ്കേതിക, ഓഫീസ് തസ്തികകളില്‍ പരമാവധി സ്വദേശിവല്‍ക്കരണമെന്നതാണ് സര്‍ക്കാറിന്റെ നയമെന്നും ഈ തസ്തികകളിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കുന്ന മുറയ്ക്ക് വിദേശികളെ ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നതെന്നും അദേഹം വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സൂപ്പര്‍വൈസറി തസ്തികകളില്‍ ബഹുഭൂരിപക്ഷവും സ്വദേശികളാണ്.

സ്വദേശി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനപരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ആരോഗ്യമേഖലയില്‍ നിയമനം നല്‍കുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ പ്രത്യേകം വൈദഗ്ധ്യം ആവശ്യമുള്ള ജോലികളില്‍ ഇപ്പോഴും ഭൂരിഭാഗം പ്രവാസികളാണെന്ന് മന്ത്രി വ്യക്തമാക്കി.

സ്വദേശികളുടെ തൊഴില്‍ മികവ് ഉറപ്പാക്കാനായി തൊഴില്‍മന്ത്രാലയം പരിശീലന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. നിയമനം ലഭിച്ചിട്ടുള്ള എല്ലാ മേഖലകളിലും സ്വദേശികള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി മന്ത്രി വ്യക്തമാക്കി. വിദേശികള്‍ കൈകാര്യം ചെയ്യുന്ന തസ്തികകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യരായ സ്വദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഉടന്‍ നിയമനം നല്‍കാനാണ് നിര്‍ദേശം. സ്വകാര്യ മേഖലയില്‍ 15 ശതമാനം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് 2011-16 പഞ്ചവത്സരപദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സ്വീകരിക്കാന്‍ സ്വദേശികള്‍ മടിക്കുകയായിരുന്നു. സ്വകാര്യമേഖലയില്‍ അധ്വാനഭാരം കൂടുതലും ശമ്പളവും ആനുകൂല്യങ്ങളും കുറവാണ് എന്നുള്ളതുമാണ് ഇതിന് കാരണം. 2026 ല്‍ 90 ശതമാനം തസ്തികകളിലും സ്വദേശികളെ നിയമിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.