ഖത്തറില്‍ ജീവനക്കാര്‍ക്ക് പൂര്‍ണ ശമ്പളത്തോടെ ലഭിക്കുന്ന ഒഴുവുകള്‍ ഇവയാണ്

ദോഹ: ഒരു ജീവനക്കാരന് പൂര്‍ണ ശമ്പളത്തോടെ ലഭിക്കുന്ന ഒഴിവുദിവസങ്ങളെ കുറിച്ച് ഖത്തറിലെ തൊഴില്‍ നിയമത്തിലെ 2004 ല്‍ പുറപ്പെടുവിച്ച 14 ാം നമ്പര്‍ നിയമം വ്യക്തമാക്കുന്നു.

ഇതുപ്രകാരം ഈദുല്‍ ഫിതറിന് മൂന്ന് ദിവസവും ഈദുല്‍ അസ്ഹ മൂന്ന് ദിവസം, ദേശീയദിനം ഒരു ദിവസം, കാഷ്വല്‍ അവധി തൊഴിലുടമ തീരുമാനിക്കുന്നതു പ്രകാരം മൂന്ന് ദിവസം ഇതിനു പുറമെ ദേശീയ കായികദിനവും(ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച) അവധിദിനമായിരിക്കും. തുടര്‍ച്ചയായി ഒരു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്ന ജീവനക്കാരനു ശമ്പളത്തോടുകൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

അതെസമയം അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് ഈ അവധി മൂന്നാഴ്ചയില്‍ കുറയാനും അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് നാലാഴ്ചയില്‍ കുറയാനും പാടില്ല. തൊഴില്‍ നിയമത്തിലെ 80 ാമത്തെ വകുപ്പനുസരിച്ച് തൊഴിലുടമയ്ക്ക് ജോലിയുടെ ആവശ്യം അനുസരിച്ചു ജീവനക്കാരുടെ വാര്‍ഷിക അവധിയുടെ തിയതി തീരുമാനിക്കാം. ജീവനക്കാരന്റെ സമ്മതത്തോടെ വാര്‍ഷിക അവധി രണ്ടു ഘട്ടങ്ങളിലായി വിഭജിക്കാവുന്നതാണ്.

ജീവനക്കാരന്‍ എഴുതി അപേക്ഷിക്കുകയാണെങ്കില്‍ വാര്‍ഷിക അവധിയില്‍ പകുതിയില്‍ കൂടാത്ത ഭാഗം കമ്പനിക്ക് അടുത്ത വര്‍ഷത്തേക്കു നീട്ടി വയ്ക്കാവുന്നതാണ്. ജീവനക്കാര്‍ വാര്‍ഷിക അവധി വേണ്ടെന്നുവെയ്ക്കാന്‍ പാടില്ല. നിയമത്തിലെ ഇക്കാര്യങ്ങള്‍ ലംഘിക്കുന്ന ഇരു പാര്‍ട്ടികളും തമ്മിലുള്ള ഏതു കരാറുകളും അസാധുവായിരിക്കും. വാര്‍ഷിക അവധി പ്രയോജനപ്പെടുത്തുന്നതിന് മുന്‍പു കരാര്‍ അവസാനിപ്പിച്ചാല്‍ അവധിദിവസങ്ങള്‍ക്കു തുല്യമായിട്ടുള്ള ശമ്പളം ലഭിക്കുവാന്‍ ജീവനക്കാരന് അര്‍ഹതയുണ്ട്.