ഖത്തറില്‍ വരാനിരിക്കുന്നത് സമ്പന്നതയുടെ ദിനങ്ങള്‍; വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനം

ദോഹ: രാജ്യത്ത് വരാനിരിക്കുന്നത് സമ്പന്നതയുടെ ദിനങ്ങളെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന എണ്ണ, പ്രകൃതിവാതക വില ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ച 2.8% ആക്കി ഉയര്‍ത്തുമെന്ന് ഫോക്കസ് ഇക്കണോമിക്‌സ് വ്യക്തമാക്കിയിരിക്കുന്നു. ഈ വര്‍ഷവും അടുത്തവര്‍ഷവും ഇത്തരത്തില്‍ ഉയര്‍ന്ന വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 127 രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് 30 ലധികം ഉല്‍പ്പന്നങ്ങളില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും രാജ്യാന്തര തലത്തില്‍ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് ഫോക്കസ് ഇക്കണോമിക്‌സ്.

കഴിഞ്ഞവര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ 90 ശതമാനവും വരുമാനം എണ്ണ, പ്രകൃതിവാതത മേഖലകളില്‍ നിന്നായിരുന്നു. സ്വകാര്യമേഖലയ്ക്കു വലിയ കുതിപ്പുനല്‍കുന്നതിനുള്ള നടപടികളും ഖത്തര്‍ തുടരുന്നു.

അതെസമയം ഖത്തറില്‍ വിനോദ സഞ്ചാരമേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2025 ആകുമ്പോഴേക്കും വിനോദസഞ്ചാര രംഗത്ത് 720 കോടി ഡോളറിന്റെ വളര്‍ച്ചയുണ്ടാകും. 2020 ല്‍ നാല്‍പത് ലക്ഷത്തോളം സഞ്ചാരികള്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് കെന്‍ റിസര്‍ച്ച് തയ്യാറാക്കിയ ഖത്തര്‍ കേറ്ററിങ് സര്‍വീസ് മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ്.

രാജ്യത്തെ ഗതാഗത ശൃംഖലകള്‍, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം കേറ്ററിങ് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. 2022 ല്‍ വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിലെ ടൂറിസം മേഖലയ്ക്കും വലിയ സാമ്പത്തിക കുതിപ്പ് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.