ഖത്തറിലേക്കുള്ള വീസ നടപടിക്രമങ്ങള്‍ സ്വദേശത്ത് പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം മുതല്‍

ദോഹ: ഖത്തറിലേക്ക് വരുന്നവരുടെ തൊഴില്‍ വീസ നടപടി ക്രമങ്ങള്‍ അവരവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം. ഈ പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യം ശ്രീങ്കയിലും പിന്നീട് ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഖത്തറിലേക്ക് തൊഴില്‍ വിസയില്‍ എത്തുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പു വെക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അവരവരുടെ രാജ്യത്ത് വെച്ചുതന്നെ പൂര്‍ത്തിയാക്കുന്നതാണ് ഈ പദ്ധതി. ഇന്ത്യയില്‍ ഇതിനായി ഏഴ് സര്‍വീസ് സെന്ററുകാണ് പ്രവര്‍ത്തിക്കുക.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തൊഴില്‍ വീസ അനുമതി ലഭിക്കുന്ന ആളുകള്‍ ഈ സര്‍വീസ് സെന്ററുകളിലെത്തിയ ശേഷം മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ കരാറില്‍ ഒപ്പുവെക്കാനും കഴിയും.

പുതിയ പദ്ധതി നടപ്പില്‍ വരുത്തുന്നതിന്റെ മുന്നോടിയായി ഭരണ വികസന, തൊഴില്‍ , സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആഭ്യന്തരമന്ത്രാലയത്തിലെ വീസ സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഈ പുതിയ പദ്ധതിയിലൂടെ റിക്രൂട്ട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒരേ വഴിയിലൂടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആഭ്യന്തരമന്ത്രാല വക്താവ് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റ് എന്ന സ്ഥാപനവുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.