ഖത്തറില്‍ അനധികൃത വില്ല വിഭജനത്തിനെതിരെ കര്‍ശന നടപടി;പതിനായിരം മുതല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ

ദോഹ: രാജ്യത്ത് അനധികൃതമായി വില്ലകളും അപ്പാര്‍ട്ടുമെന്റുകളും വിഭജിച്ചു നല്‍കുന്നതിനെതിതരെ കര്‍ശന നടപടികളുമായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിഎംസി യോഗത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമായത്.

വില്ലകളുടെ വിഭജനം നിര്‍ത്തണമെന്നും നഗരസഭ പരിശോധന ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. സംശയം തോന്നുന്ന വില്ലകളില്‍ പരിശോധന നടത്താനുള്ള അനുമതി പബ്ലിക്ക് പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് കൂടുതല്‍ ശ്രമം വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അതെസമയം കെട്ടിടം ജപ്തി ചെയ്യാനായി അധികാരമുള്ള പരിശോധകര്‍ക്ക് കെട്ടിട ഉടമയുടേയോ പബ്ലിക് പ്രോസിക്യൂഷന്റേയോ അനുവാദമില്ലാതെ അകത്തുപ്രവേശിക്കാന്‍ കഴിയില്ലെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതെസമയം കൂടുതല്‍ നിലകളുള്ള പാര്‍പ്പിടസമുച്ചയങ്ങളുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തണമെന്നും സിഎംസി അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. വില്ലകളുടെ വിഭജനത്തിനെതിരെ നടപടിയെടുക്കുമ്പോള്‍ അത് വാടകക്കാര്‍ക്ക് ഹാനികരമാകരുതെന്നും യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

2014-ലെ ഭേദഗതിചെയ്ത എട്ടാംനമ്പര്‍ നിയമപ്രകാരം വില്ലകളില്‍ അറ്റകുറ്റപ്പണി, നവീകരണം, വിഭജനം, വിപുലീകരണം, പൊളിച്ചുമാറ്റല്‍, കുഴിയെടുക്കല്‍, കുഴിയുള്ള നിരപ്പ് ശരിയാക്കല്‍ എന്നിവയ്ക്ക് നഗരസഭയുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. കരാറുകാര്‍, എന്‍ജിനീയര്‍മാര്‍, കണ്‍സള്‍ട്ടന്‍സി തുടങ്ങി നിയമം ലംഘിക്കുന്നവരില്‍നിന്ന് പതിനായിരം മുതല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥചെയ്യുന്നു.

ഒരു ചെറിയ സ്ഥലത്തുപോലും അനധികൃതമായി വിഭജനം നടത്തിയാല്‍ ഒരുചതുരശ്ര മീറ്ററിന് 250 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കാമെന്നും നിയമം നിര്‍ദേശിക്കുന്നു. പിഴ അടച്ചശേഷം അനുമതിയില്ലാതെ നടത്തിയ നിര്‍മാണം പൊളിച്ചുമാറ്റുകയും വേണം.