ഖത്തറില്‍ ഗതാഗതക്കുരുക്ക്;കാര്‍ ലൈസന്‍സിന് വിലക്ക്;ബൈക്കുകളെ പ്രോത്സാഹിപ്പിക്കുന്നു

ദോഹ: രാജ്യത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. ഇതുപ്രകാരം ബൈക്ക് യാത്രികരെ പ്രോത്സാഹിപ്പിക്കാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ബൈക്കുകളുടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന നടപടികള്‍ രാജ്യത്ത് ഉദാരമാക്കിയിരിക്കുകയാണ്. നിലിവല്‍ വളരെ കുറച്ചു യുവാക്കള്‍ മാത്രമാണ് ഇവിടെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്. ഇവരിലേറെ പേരും ലൈസന്‍സ് എടുക്കാതെയാണ് ഡ്രൈവ് ചെയ്യുന്നത്. ഇത് അപകടങ്ങള്‍ വരുത്തിവെക്കാനും ഇടയാക്കും.അതുകൊണ്ടുതന്നെ കാര്‍ ലൈസന്‍സിന് വിലക്കുള്ളവരെ ബൈക്ക് ലൈസന്‍സ് എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍.

കൂടുതല്‍ തൊഴിലിടങ്ങളില്‍് കാര്‍ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ്. നിലവില്‍ 180 ഇനം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാര്‍ ഡ്രൈവിംഗ് സൈസന്‍സ് നല്‍കുന്നില്ല. പലചരക്കുവ്യാപാരം, ഇറച്ചി വില്‍പ്പന, ടെയ്‌ലര്‍, സ്വര്‍ണപ്പണി, കാര്‍ഷിക വൃത്തി, അലങ്കാരപ്പണികള്‍, ബ്യൂട്ടിഷ്യന്‍, മെക്കാനിക്ക്,ബാര്‍ബര്‍, സെക്യൂരിറ്റി, വേലക്കാര്‍ തുടങ്ങിയവര്‍ക്കാണ് കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാത്തത്. ഇതിനു പുറമെയാണ് കൂടുതല്‍ മേഖലകളിലേക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് തടയാന്‍ ഗതാഗതവകുപ്പ് അധികൃതര്‍ തയ്യാറെടുക്കുന്നത്.

നിലവില്‍ ഗതാഗത സൗകര്യം നല്‍കുന്ന ഓഫീസുകളിലെ ജീവനക്കാരെയും ഭാവിയില്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ഖത്തറില്‍ വളരെ കൂടുതലാണ്. അതെസമയം ബൈക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണം നാമമാത്രമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെയെല്ലാം ബൈക്ക് ലൈസന്‍സ് എടുപ്പിച്ച് കാറുകളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

അതെസമയം ഡ്രൈവിംഗ് ടെസ്റ്റ് എളുപ്പമാക്കാനും വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടെസ്റ്റുകള്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെയാക്കും. പാര്‍ക്കിംഗ്, കമ്പ്യൂട്ടര്‍, റോഡ് ടെസ്റ്റുകള്‍ എന്നിവ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലേക്കാക്കി മാറ്റി. എന്നാല്‍ ഖത്തറിലെ നഗരമേഖലയിലെ വന്‍കിട റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായാല്‍ നിലവിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കുകയും ചെയ്യുമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.