ഖത്തറിനോട് സഹാനുഭൂതി കാണിച്ചാല്‍ 15 വര്‍ഷം തടവെന്ന് യുഎഇ

മനാമ: ഖത്തറില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ സൗദിയും യുഎഇയും ഖത്തറിനുമേലുള്ള തങ്ങളുടെ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ്, ഇറാന്‍ എന്നിവയുമായി ബന്ധം വേര്‍പ്പെടുത്താതെ നയതന്ത്ര, സാമ്പത്തിക ബന്ധം പുനഃസ്ഥാപിക്കാനാകില്ലെന്ന കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഈ രാജ്യങ്ങള്‍. അതെസമയം രാജ്യത്തിനകത്ത് ഖത്തറിനോട് സഹാനുഭൂതി കാണിക്കുന്നതരത്തിലുള്ള അഭിപ്രായം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക എന്നും യുഎഇ മിന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരിക്കുകയാണ്.

ഖത്തറിനെ അനുകൂലിച്ച് രാജ്യത്തിനകത്ത് സംസാരിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്നും സോഷ്യല്‍ മീഡിയയിലോ, സംസാരത്തിലോ ഖത്തറിനോട് ഏതെങ്കിലും തരത്തിലുള്ള സഹാനുഭൂതിയോ പക്ഷപാതിത്വമോ കാണിക്കുന്നതായി പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് 15 വര്‍ഷം തടവും നല്‍കുമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഹമദ് സെയ്ഫ് അല്‍ ഷംസി അറിയിച്ചു. ഇതിനുപുറമെ അഞ്ച് ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും നല്‍കും. കൂടാതെ ഇവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കും ഏര്‍പ്പെടുത്തും.

അതെസമയം സൗദി അറേബ്യയുടെ ദേശീയ ഐക്യം തകര്‍ക്കാനായി മുന്‍കാലങ്ങളില്‍ ഖത്തര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കാനുള്ള കടുത്ത തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്ന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭ വ്യക്തമാക്കി.