കലഹം തുടരുന്നു;ഖത്തര്‍ യുഎഇയെ കോടതി കയറ്റി

ദോഹ: സമാധാന ശ്രമങ്ങളെയെല്ലാം കാറ്റില്‍പറത്തി ഖത്തറും മൂന്ന് ജിസിസി രാജ്യങ്ങളും തമ്മിലുള്ള കലഹം തുടരുന്നു. തര്‍ക്കം ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുകയാണ്. യുഎഇ ഭരണകൂടത്തിനെതിരായാണ് ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ കേസ് നിലനില്‍ക്കുന്നത് യഎഇക്കെതിരെമാത്രമാണ്.

യുഎഇ ഖത്തറിനെതിരെ വിവേചനപരമായാണ് പെരുമാറിയതെന്നാണ് ഖത്തര്‍ അഭിഭാഷകന്‍ വാദിച്ചിരിക്കുന്നത്. ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ യുഎഇ അവകാശലംഘനം പ്രവര്‍ത്തിച്ചതായും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.ബുധനാഴ്ച മുതലാണ് വാദം തുടങ്ങിയിരിക്കുന്നത്.

വംശീയ വിവേചനം അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച രാജ്യമായ യുഎഇ ചട്ടലംഘനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഖത്തറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ രണ്ട് പ്രമുഖ ഗഫ് രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ലോകം ആകാംഷയോടെയാണ് നോക്കിക്കാണുന്ന്. ഖത്തറിന്റെ വാദങ്ങള്‍ക്ക് ശരിവെക്കുന്ന നിലപാട് കോടതി സ്വീകരിച്ചാല്‍ അത് യുഎഇയ്ക്ക് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍.