സാമ്പത്തികമായി ഇടറിയ ഖത്തര്‍ പിടിച്ചു നില്‍ക്കുന്നു ടൂറിസത്തിലൂടെ

വിനോദ സഞ്ചാരികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ദോഹ: ടൂറിസത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ്‌ ഖത്തര്‍. എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലെ നേട്ടങ്ങളിലൂടെ പരിഹരിക്കാനാവുന്നതായി റിപ്പോര്‍ട്ട്‌.ഈ വര്‍ഷം ആദ്യ അഞ്ചു മാസങ്ങളിലായി 12.8 ലക്ഷം വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തിയതായാണ് വികസന ആസൂത്രണ സ്ഥിതി വിവര കണക്കു മന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

എണ്ണപ്രകൃതി വാതക വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ്ഘടന വൈവിധ്യവല്‍ക്കരിക്കുന്നതില്‍ വിനോദ സഞ്ചാര മേഖല വലിയ പങ്കാണ് വഹിക്കുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് മാസം വരെ രാജ്യത്തെത്തിയ ഒന്നര മില്യനിലധികം വരുന്ന സന്ദര്‍ശകരില്‍ സൗദി അറേബ്യയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍.എന്നാല്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ബ്രിട്ടനാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കാണിത്. ആദ്യ നാലു മാസത്തെ അപേക്ഷിച്ചു 21 ശതമാനമാണു വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും രാജ്യാന്തര പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും കൂടുതലായി സംഘടിപ്പിക്കപ്പെട്ടതും ടൂറിസം മേഖലയ്ക്ക് ഗുണകരമായതായി വിലയിരുത്തപ്പെടുന്നു.