ഖത്തറുമായി ബന്ധമുള്ള 59 വ്യക്തികളെയും 12 സ്ഥാപനങ്ങളെയും ഭീകരരായി പ്രഖ്യാപിച്ചു പട്ടിക പുറത്തുവിട്ടു

Story dated:Friday June 9th, 2017,03 24:pm

ദുബായ്: ഖത്തറുമായി ബന്ധമുള്ള 59 വ്യക്തികളെയും 12 സ്ഥാപനങ്ങളെയും ഭീകരരായി പ്രഖ്യാപിച്ചു കൊണ്ടുള്ള പട്ടിക പുറത്തുവിട്ടു. സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് സംയുക്തമായി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ആഭ്യന്തരമന്ത്രിയും മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഖറാദവിയും ഉള്‍പ്പെടെയുള്ളവര്‍ ഈ പട്ടികയിലുണ്ട്.

ഖത്തറിലെ പ്രമുഖ സന്നദ്ധ സംഘടനകള്‍, പ്രമുഖ വ്യവസായികള്‍, മുന്‍ ആഭ്യന്തരമന്ത്രി, രാജകുടുംബാംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഉണ്ട്. മൂന്ന് കുവൈത്ത് പൗരന്‍മാരും ആറ് ബഹ്‌റൈന്‍ സ്വദേശികളും 26 ഈജിപ്ത് പൗരന്‍മാരുമാണ് പട്ടികയിലുളളത്.

അതെസമയം ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും ഖത്തര്‍ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. രാജ്യത്തിന്റെ വിദേശനയം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും അദേഹം വ്യക്തമാക്കി.