ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന്‌ തുടക്കം

QSF activitiesദോഹ: വിനോദസഞ്ചാരമേഖലയില്‍ ഏറെ പ്രതീക്ഷയുള്ള ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ പുതിയ എഡിഷന് ഇന്ന് തുടക്കമാകും. ഒരു മാസക്കാലം ആഘോഷിക്കാനുള്ള അവസരം ഒരുക്കി വ്യത്യസ്തമായ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നത്. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ 31 വരെ തുടരും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഫെസ്റ്റിവലില്‍ പങ്കാളികളാകാന്‍ മറ്റു ജി സി സി രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഹോട്ടലുകളില്‍ മികച്ച രീതിയിലുള്ള ബുക്കിംഗ് നടക്കുന്നുണ്ട്. ഇത്തവണ വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ത്താനാണ് സമ്മര്‍ ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചീഫ് പ്രൊമോഷന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ റഷീദ് അല്‍ ഖുറേസി പറഞ്ഞു.
ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ദോഹ എക്‌സിബിഷന്‍ സെന്ററിലെ ഒരുക്കങ്ങളും മറ്റും കാണുന്നതിനും വിലയിരുത്തുന്നതിനുമാണ് അവസരം ഒരുക്കിയിരുന്നത്.
ഇവന്റ്‌സ് മാനേജര്‍  മഷാല്‍ ഷാഹ്ബിക്,  ഖത്തര്‍ ടൂറിസം അതോറിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫൈസല്‍  അഹമ്മദ് അല്‍ മുഹന്നദി എന്നിവര്‍ നേതൃത്വം നല്‍കി.
സാംസ്‌കാരിക പരിപാടികളും ബ്രാന്‍ഡ് പ്രമോഷനുകളും ഇത്തവണത്തെ ഫെസ്റ്റിവലിനെ കൂടുതല്‍ ജനകീയമാക്കുമെന്നാണ് കരുതുന്നത്.
ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, അറബ് സാംസ്‌കാരിക പരിപാടികളുടെ സമന്വയം ഫെസ്റ്റിവലില്‍ കാണാം. 27, 28 തിയ്യതികളില്‍ ഹമദ് അല്‍ അത്തിയ്യ അറീനയില്‍ ലൈവ് മ്യൂസിക് പരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.
കലാപ്രതിഭകളായ അസല നസ്‌രി, സാദ് ലാംജെര്‍ദ്, ബല്‍ഖീസ് ഫാത്തി, റബേഹ് സാഖര്‍ എന്നിവരുടെ പരിപാടിയായിരിക്കും ഈ രണ്ടു ദിവസങ്ങളിലെ ആകര്‍ഷണം.
ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ 29ന് ദോഹ കോമഡി ഡേ നടക്കും.  ഫഹേദ് ബെയ്താരി,  ഇബ്രാഹിം ഖയ്‌റല്ല, ഹമദ് അല്‍ അമ്മാരി, അഹമ്മദ് അല്‍ ശംരി, ബദര്‍ സാലേഹ്, അലി അല്‍ സയീദ് എന്നിവര്‍ ഷോ അവതരിപ്പിക്കും. വിര്‍ജിന്‍ മെഗാ സ്റ്റോറുകളില്‍ ഇവയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫെസ്റ്റിവലില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
സമ്മര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സന്ദര്‍ശകര്‍ക്ക് വിപുലമായ ആനുകൂല്യങ്ങളും പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണവും  പ്രത്യേകതയും എന്റര്‍ടെയ്ന്‍മെന്റ് സിറ്റിയാണ്. കുട്ടികള്‍ക്കായുള്ള വ്യത്യസ്തമായ പരിപാടികളാണ് ദോഹ എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കുന്നത്.
സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ്  ക്രാഫ്റ്റ്‌സ്, ഗെയിംസ്, സ്റ്റേജ് ഷോകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒന്‍പതര വരെയായിരിക്കും എന്റര്‍ടെയ്ന്‍മെന്റ് സിറ്റി പ്രവര്‍ത്തിക്കുക. പ്രവേശനം സൗജന്യമാണ്.
പതിനഞ്ചായിരം സ്‌ക്വയര്‍ മീറ്ററില്‍ ഇരുപത് മെക്കാനിക്കല്‍,  അന്‍പത് വീഡിയോ, പത്ത് സ്‌കില്‍ ഗെയിമുകള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഗെയിമുകളും മറ്റും ഒരുക്കിയിട്ടുണ്ട്.
ജനങ്ങളുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ കണക്കിലെടുത്താണ്  വിവിധ റെയ്ഡുകള്‍ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയില്‍ മാത്രം ഏഴായിരം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. റെയ്ഡുകളും ഗെയിമുകളും വിനോദ പരിപാടികള്‍ക്കുമായുള്ള സ്റ്റേജ്,  ഫുഡ് കോര്‍ട്ട്,  മിനി ട്രേഡ് ഫെയര്‍ എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഷോപ്പിംഗ് സോണ്‍ എന്നിവയാണ് പ്രധാന വേദിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കുട്ടികളെ ആകര്‍ഷിക്കാന്‍ കളര്‍ യുവര്‍ സമ്മര്‍  എന്ന പേരില്‍ പ്രത്യേക വിഭാഗം ഒരുക്കുന്നുണ്ട്. എങ്ങനെ വരയ്ക്കും, എങ്ങനെ കളര്‍ നല്‍കും എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഷോപ്പിംഗ് സോണില്‍ 125 സ്റ്റാളുകളുണ്ടാകും. വ്യത്യസ്തമായ ഉത്പന്നങ്ങളുടെ നീണ്ട നിരയുണ്ടാകും.
തങ്ങളുടെ നവീനമായ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും പ്രദര്‍ശകര്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്.
ഫെസ്റ്റിവലില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള  ആര്‍ക്കും തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫൈസല്‍ അല്‍ മുഹന്നദി വ്യക്തമാക്കി.