ഖത്തറില്‍ കുട്ടികളുടെ വായനാശീലം വളര്‍ത്താന്‍ ലൈബ്രറികള്‍ സ്ഥാപിക്കണം;സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍

images (2)ദോഹ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി താമസ കേന്ദ്രങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ നഗരാസൂത്രണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ജയിച്ച അംഗങ്ങളുള്ള ഖത്തറിലെ ഏക കൗണ്‍സിലാണ് സി എം സി. ഇതു സംബന്ധിച്ച് മന്ത്രാലയത്തിന് കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചതായി ഇംഗ്ലീഷ് പത്രമായ ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ലൈബ്രറിയില്‍ പുസ്തകങ്ങളോടൊപ്പം കുട്ടികള്‍ക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളും ഉണ്ടാവണം. കൂടാതെ ഇന്റര്‍നെറ്റും കംപ്യൂട്ടര്‍ സൗകര്യവും ലൈബ്രറിയില്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ പറയുന്നു. ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമായി കമ്യൂണിറ്റി ഹാളും ലൈബ്രറിയോടനുബന്ധിച്ച് സ്ഥാപിക്കണമെന്ന ആവശ്യവും സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ റസിഡന്‍ഷ്യല്‍ ഏരിയകളുടേയും സമീപത്ത് ഇത്തരം ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു. ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്ററിന്റെ 2012ലെ റിപ്പോര്‍ട്ട് പ്രകാരം 30 ശതമാനത്തിലധികം ഖത്തരി കുട്ടികള്‍ക്കും പുസ്തകം വായിക്കാന്‍ സമയമില്ലെന്ന പരാതിയാണുള്ളത്. എന്നാല്‍ 26 ശതമാനം കുട്ടികള്‍ക്ക് വായിക്കാന്‍ താത്പര്യമുള്ള പുസ്തകങ്ങള്‍ ലഭിക്കാറില്ലെന്ന് പറയുന്നു. പബ്ലിക്ക് ലൈബ്രറികളുടെ അഭാവം പുസ്തക വായനയില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തുന്നതായി പറയപ്പെടുന്നു. ഖത്തര്‍ നാഷണല്‍ ലൈബ്രറി പോലുള്ളവ മാത്രമാണ് ഇതിനൊരു അപവാദം. താമസ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലൂടെ വായനാശീലം വളര്‍ത്താനും കുട്ടികളുടെ മറ്റു കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹനം നല്‍കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.