ഖത്തറില്‍ സൂഖ് വാഖിഫ് വസന്തോത്സവത്തിന് തുടക്കമായി

ദോഹ: സുഖ് വാഖിഫ് വസന്തോത്സവത്തിന് (സ്പ്രിങ് ഫെസ്റ്റ്) തുടക്കമായി. 15 ദിവസം നീണ്ടു നില്‍കുന്ന ഫെസ്റ്റില്‍ ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പാരമ്പര്യ പാട്ടുമേളങ്ങളും നൃത്ത പരിപാടികളും ഉള്‍പ്പെടുത്തിയത് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

സൂഖ് വാഖിഫിനുള്ളില്‍ തയ്യാറാക്കിയ വിവിധ വേദികളിലും മൈതാനങ്ങളിലുമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രത്യേക സംഗീത പരേഡും പ്രസന്‍േറഷനും ഇതോടൊപ്പം അരങ്ങേറുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റിവലില്‍ അറബ് ലോകത്തെ ജനകീയ ഗായകര്‍ പങ്കെടുക്കുമെന്നും കൂടാതെ വിനോദ പരിപാടികള്‍ക്കായി പ്രത്യേകം വേദികള്‍ തയ്യാറാക്കിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, ഏറ്റവും ജനകീയമായ ഡോള്‍ഫിന്‍ ഷോ തിരിച്ചത്തെിയതായി സംഘാടകര്‍ വ്യക്തമാക്കി.
വൈകിട്ട് നാലിനും അഞ്ചിനും ഇടയിലും ഏഴിനും എട്ടിനും ഇടയിലുമാണ് ഡോള്‍ഫിന്‍ ഷോ നടക്കുക.
അല്‍ അഹ്മദ് സ്ക്വയറിലെ അമ്യൂസ്മെന്‍റ് പാര്‍ക്കിലാണ് ഡോള്‍ഫിന്‍ ഷോ. ക്രേസി ഫ്രോഗ്, റൈഞ്ചര്‍, കാറ്റര്‍പില്ലര്‍, ക്രേസി ഫയര്‍, എക്സ്ട്രീം സ്വിങ് തുടങ്ങി വിവിധ വിനോദ പരിപാടികള്‍ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

ഖത്തറിന്‍െറ സമ്പന്നമായതും തനിമയാര്‍ന്നതുമായ സാംസ്കാരിക പാരമ്പര്യം ഇത്തരം ഫെസ്റ്റിവലുകളിലൂടെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.