ഖത്തറില്‍ ജൂണ്‍ ആദ്യം മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ദോഹ: ഖത്തറില്‍ ജൂണ്‍ ആദ്യം മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദക്ഷിണേന്ത്യന്‍ കാലവര്‍ഷത്തിനു മുന്നോടിയായി വടക്കന്‍ അറേബ്യന്‍ അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന അതിമര്‍ദമാണ് പൊടിക്കാറ്റിന് ഇടയാക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശുന്ന അല്‍ബവാറിഹ് എന്ന പേരിലറിയപ്പെടുന്ന കാറ്റാണ് പൊടി നിറയ്ക്കുക. ഈ കാറ്റ് സാധാരയില്‍ ജൂലൈ മധ്യംവരെ നീണ്ടുനില്‍ക്കും.

അല്‍ബര്‍വാറിഹ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം പൊടിക്കാറ്റ് എന്നാണ്. ഈ കാറ്റിനെ തുടര്‍ന്ന് കരപ്രദേശം മൊത്തമായി പൊടികൊണ്ട് നിറയുമ്പോള്‍ കടല്‍ തുടര്‍ച്ചയായി പ്രക്ഷുബ്ധമാവുകയും ചെയ്യുന്നു. ജൂണ്‍ രണ്ടാം പകുതിയോടെയായിരിക്കും ഈ കാറ്റ് ശക്തമാവുക.

ഈ കാറ്റിന്റെ പ്രത്യേകത എന്നത് സൂര്യോദയത്തോടെ കാറ്റ് വീശിത്തുടങ്ങുകയും രാത്രിയോടെ പൂര്‍ണയായി ശമിക്കുകയുമാണ് ചെയ്യുന്നത്. ഈ സമയങ്ങളില്‍ ചൂട് ക്രമാതീതമായി കൂടും. ഇത് പകല്‍ സമയങ്ങളില്‍ 45 ഡ്രിഗി സെല്‍ഷ്യസ് വരെ എത്തുകയും ചെയ്യുന്നു.