Section

malabari-logo-mobile

സ്പീഡ് സിസ്റ്റേഴ്‌സിന്റെ ആദ്യ പ്രദര്‍ശനം അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റില്‍

HIGHLIGHTS : ദോഹ: സ്പീഡ് സിസ്റ്റേഴ്‌സിന്റെ ആദ്യ പ്രദര്‍ശനം അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റില്‍ നടക്കും. പശ്ചിമേഷ്യയിലെ ആദ്യ വനിതാ മോട്ടോര്‍ റേസിംഗ് ടീമിന്റെ ജീവിത...

dohaദോഹ: സ്പീഡ് സിസ്റ്റേഴ്‌സിന്റെ ആദ്യ പ്രദര്‍ശനം അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റില്‍ നടക്കും. പശ്ചിമേഷ്യയിലെ ആദ്യ വനിതാ മോട്ടോര്‍ റേസിംഗ് ടീമിന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന   ഡോക്യുമെന്ററിയാണ് സ്പീഡ് സിസ്റ്റേഴ്‌സ്.
യുദ്ധത്തിന്റെ മുള്‍മുനയില്‍ കഴിയുന്ന വെസ്റ്റ്ബാങ്കിലെയും സമീപ പ്രദേശങ്ങളിലെയും സംഘര്‍ഷഭരിതമായ യാഥാര്‍ഥ്യങ്ങള്‍ കൂടിയാണ് ഈ ഡോക്യുമെന്ററി അനാവരണം ചെയ്യുന്നത്. ഇസ്രാഈല്‍ സൈനിക ആക്രമണത്തെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളെയും ഭീതിയെയും സ്‌പോര്‍ട്‌സിലൂടെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ യഥാര്‍ഥ ആവിഷ്‌കാരമാണ് സ്പീഡ് സിസ്റ്റേഴ്‌സ്. കായിക മേഖലകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികവും മതപരമായ വെല്ലുവിളികളും ലിംഗവ്യത്യാസങ്ങളും സ്വാതന്ത്ര്യ പ്രശ്‌നങ്ങളും രാഷ്ട്രീയ അസ്ഥിരതയുമെല്ലാം സ്പീഡ് സിസ്റ്റേഴ്‌സ് ചര്‍ച്ച ചെയ്യുന്നു.
സ്പീഡ് സിസ്റ്റേഴ്‌സിന്റെ വേള്‍ഡ് പ്രീമിയര്‍ ദോഹയില്‍ നടത്താന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഫെസ്റ്റിവല്‍ ഡയറക്ടറും ആക്ടിങ് സി ഇ ഒയുമായ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. സിനിമയിലൂടെ കാലഘട്ടങ്ങളെ കൂട്ടിയിണക്കാനും അവരെ ദോഹയിലേക്ക് കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്. മേഖലയില്‍ യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെയും ചോദ്യങ്ങളെയും തുറന്നുകാട്ടുന്ന ശക്തമായ ഉദാഹരണമാണ് സ്പീഡ് സിസ്റ്റേഴ്‌സ്.
ഡിംസബര്‍ ഒന്നു മുതല്‍ ആറുവരെയാണ് രണ്ടാമത് അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍. ഉദ്ഘാടന ദിനത്തില്‍ തന്നെ സ്പീഡ് സിസ്റ്റേഴ്‌സ് പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററിയുടെ ഒറ്റ പ്രദര്‍ശനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഡോക്യുമെന്ററിയില്‍ അഭിനയിച്ചിരിക്കുന്ന വനിതാ കായിക താരങ്ങളടക്കമുള്ളവരും സാങ്കേതിക പ്രവര്‍ത്തകരും പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കും. കാനഡയില്‍ താമസിക്കുന്ന ലെബനീസ് സ്വദേശിയായ ആംബര്‍ ഫെയേഴ്‌സാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ഈ ജീവിതാനുഭവം സ്‌ക്രീനിലേക്ക് പകര്‍ത്താനായി താന്‍ അഞ്ചുവര്‍ഷമാണ് ഫലസ്തീനില്‍ ചെലവഴിച്ചതെന്നും സ്പീഡ് സിസ്റ്റേഴ്‌സിന്റെ ഫെസ്റ്റിവല്‍ യാത്രയുടെ തുടക്കം ദോഹയിലായതില്‍ സന്തോഷമുണ്ടെന്നും ഫെയേഴ്‌സ് പറഞ്ഞു. ഭയരഹിതരായ അഞ്ചു വനിതകളുടെ യഥാര്‍ഥ ജീവിതമാണ് സ്പീഡ് സിസ്റ്റേഴ്‌സ് പറയുന്നത്. നൂര്‍, മോന, മെയ്‌സൂണ്‍, ബെറ്റി, മറാന്‍ എന്നീ വനിതാ റെയ്‌സര്‍മാരുടെ ജീവിതമാണ് സ്പീഡ് സിസ്റ്റേഴ്‌സ്.
അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന്റെ പൂര്‍ണ വിവരങ്ങള്‍ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കും. ഖലീല്‍ ജിബ്രാന്റെ ദി പ്രോഫറ്റാണ് സമാപന ചിത്രം. നവംബര്‍ 18 മുതല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ നിരവധി അന്താരാഷ്ട്ര സിനിമകളുടെ സ്‌ക്രീനിംഗിനൊപ്പം കുടുംബ വിനോദ പരിപാടികള്‍, എക്‌സിബിഷനുകള്‍, ഡിജിറ്റല്‍ പ്ലേ ഗ്രൗണ്ട്, സ്‌കൂള്‍ സ്‌ക്രീനിങ് ഉള്‍പ്പടെയുള്ളവ അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!