ദോഹയില്‍ നിയമങ്ങള്‍ ലംഘിച്ച 21 വില്‍പ്പനക്കാര്‍ക്ക്‌ പിഴ

ദോഹ: വിപണന രംഗത്തെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 21 ചെറുകിട വില്‍പ്പനക്കാര്‍ക്കെതിരെ ഇക്കോണി ആന്റ് കൊമേഴ്‌സ് മന്ത്രാലയം പിഴ ചുമത്തി. കഴിഞ്ഞ മാസം നടത്തിയ വിവിധ മിന്നല്‍ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പതിഞ്ഞത്.

സൂഖ് അല്‍ അലി, ഉം അല്‍ ദൂം സ്ട്രീറ്റ്, അല്‍ റയ്യാനിലെ അല്‍ റോണക്ക് സെന്റര്‍, മതാര്‍ ഖദീം പ്രദേശം, ലാന്റ് മാര്‍ക്ക് മാളിലെ വിവിധ സ്ഥാപനങ്ങളും ഹോട്ടലുകളും എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ലൈസന്‍സില്ലാത്ത വില്‍പ്പനകള്‍, തിയ്യതി കഴിഞ്ഞ വില്‍പ്പനാനുമതി ഉപയോഗിച്ചുള്ള കച്ചവടം, സുരക്ഷാ നിയമങ്ങളുടെ ലംഘനം, കൊമേഴ്‌സ്യല്‍ പെര്‍മിറ്റില്‍ അനുവദിച്ച കെട്ടിട സൗകര്യത്തില്‍ വരുത്തിയ മാറ്റം തുടങ്ങി 24 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. അവയില്‍ 21 സ്ഥാപനങ്ങള്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. അവരുടെ കൊമേഴ്‌സ്യല്‍ പെര്‍മിറ്റുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

സ്ഥാപനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ വിവരം അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.info@mec.gov.qa, twitter @MEC_QATAR, instagram MEC_QATAR എന്നീ വിലാസങ്ങളിലാണ് നിയമലംഘനങ്ങള്‍ അറിയിക്കേണ്ടത്.