ഖത്തറിലേക്കുള്ള വീട്ടു ജോലിക്കാരുടെ റിക്രൂട്ട്‌ മെന്റില്‍ വന്‍ വര്‍ധന

imagesദോഹ: വിദേശ രാജ്യങ്ങളിലേക്ക് വീട്ടുജോലിക്ക് പൗരന്മാരെ അയക്കുന്നത് നിരവധി രാജ്യങ്ങള്‍ നിര്‍ത്തിത്തുടങ്ങിയതോടെ ഖത്തറിലേക്കുള്ള റിക്രൂട്ടമെന്റ് നിരക്കില്‍ വന്‍ വര്‍ധന. മധ്യപൂര്‍വേഷ്യയില്‍ ഉള്‍പ്പെടെ 21 രാജ്യങ്ങളിലേക്ക് വീട്ടുജോലിക്ക് വനിതകളെ അയക്കുന്നത് ഇന്തോനേഷ്യ അവസാനിപ്പിച്ചതോടെയാണ് നിരക്കില്‍ വര്‍ധനവുണ്ടായത്.
നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്കാരെ അയക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. വീട്ടുജോലിക്കാരെ അയക്കുന്ന കാര്യത്തില്‍ ശ്രീലങ്കയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ്ഖത്തറില്‍ ഏറെ ആവശ്യക്കാരുള്ളത് ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്കാണ്. നേരത്തെ 7300 റിയാലുണ്ടായിരുന്ന ഫിലിപ്പൈനി വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നിരക്ക് ഇപ്പോള്‍ പതിനായിരമായി വര്‍ധിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഏകീകൃത നിരക്കല്ല ഈടാക്കുന്നത്. നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കി തുകയില്‍ മാറ്റമുണ്ടാകാറുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള വീട്ടുജോലിക്കാരിക്ക് 12,000 റിയാല്‍ ഈടാക്കുന്ന ഏജന്‍സികളും ഉണ്ടെന്നതാണ് വസ്തുത.   ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് ഖത്തറില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും നിരോധനത്തെ തുടര്‍ന്ന് പുതിയ വിസ കിട്ടുന്നില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. നിയമപ്രകാരമല്ലാത്ത വഴികളിലൂടെ ഇന്തോനേഷ്യയില്‍ നിന്നുള്ളവരെ എത്തിക്കുന്നുണ്ടെന്നും അതിന് നിരക്ക് വളരെ അധികമാണെന്നും ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു.
ഫിലിപ്പൈന്‍സില്‍ നിന്നുള്ള വീട്ടുജോലിക്കാരിയെ കിട്ടാന്‍ കമ്മീഷന്‍ ഇനത്തില്‍ മാത്രം 1800 ഡോളര്‍ കൊടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായിരമായതായി ഏജന്റുമാര്‍ പറയുന്നു. റമദാന്‍ ആയതോടെ ഈ കണക്ക് 2200 ഡോളറായും വര്‍ധിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള വേലക്കാരിയെ നിയമപ്രകാരമല്ലാത്ത വഴിയിലൂടെ എത്തിക്കുന്നതിന് ഏജന്റുമാര്‍ക്ക് 3000 ഡോളര്‍ കമ്മീഷന്‍ നല്‍കേണ്ടതുണ്ടെന്നും പറയപ്പെടുന്നുണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ കുറഞ്ഞ നിരക്കില്‍ തൊഴില്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. അവരുടെ റിക്രൂട്ട്‌മെന്റ് നിരക്ക് ഏഴായിരം മുതല്‍ എട്ടായിരം വരെ റിയാലാണെന്ന് ഏജന്റുമാര്‍ പറയുന്നു. റിക്രൂട്ടമെന്റ് ഉയരുന്നതിനൊപ്പം ജോലിക്കിടയില്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നതും ചെറിയ കാലത്തെ താമസത്തിന് ശേഷം നാട്ടിലേക്ക് പോകണമെന്ന് പറയുന്നവരും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും ഏജന്റുമാര്‍ പറയുന്നു.
വീട്ടുജോലിക്കാരിയുടെ വിസയില്‍ എത്തി സ്‌പോണ്‍സറുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട് മറ്റ് തൊഴില്‍ ചെയ്യുന്നവരും ഉണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു. വീട്ടുജോലിക്കാരുടെ വരവും പോക്കും താമസവും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.