Section

malabari-logo-mobile

ഖത്തര്‍ ഡയമണ്ട്‌ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പുറത്ത്‌ വിട്ടു

HIGHLIGHTS : ദോഹ: 2022 ലോകകപ്പിന് ഖത്തര്‍ ഫൗണ്ടേഷന്‍ എഡുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ഡിസൈന്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. മരുഭൂമിയി...

Doha-Qatarദോഹ: 2022 ലോകകപ്പിന് ഖത്തര്‍ ഫൗണ്ടേഷന്‍ എഡുക്കേഷന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ ഡിസൈന്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. മരുഭൂമിയിലെ വജ്രം എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഡയമണ്ടിന്റെ മാതൃകയിലാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. 2022ലെ ഫിഫ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചുകിട്ടിയതിന്റെ നാലാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ഡിസൈന്‍ അനാവരണം ചെയ്തത്. സൂര്യവലയത്തിനനുസരിച്ച്  സ്റ്റേഡിയത്തിന്റെ നിറത്തിലും മാറ്റം പ്രതിഫലിക്കും. മനോഹരമായ കാഴ്ചാനുഭവം പകരുന്നതിനൊപ്പം സുസ്ഥിര വികസനത്തിന്റെ എല്ലാ കാലത്തേക്കുമുള്ള ഉദാഹരണം കൂടിയായിരിക്കും സ്റ്റേഡിയം.
കൃത്യമായ അളവിലല്ലാതെ മുറിച്ച ഡയമണ്ടിന്റെ ആകൃതി സ്റ്റേഡിയത്തിന് പുതിയ കാഴ്ചാനുഭവം പകരും. പകല്‍ സമയങ്ങളില്‍ വെട്ടിത്തിളങ്ങുകയും ജ്വലിക്കുകയും ചെയ്യുന്ന സ്റ്റേഡിയം രാത്രിയില്‍ ദീപപ്രഭയില്‍ കുളിച്ചുനില്‍ക്കുകയും ചെയ്യുന്ന നിലയിലാണ് സ്റ്റേഡിയം തയ്യാറാക്കുന്നത്. പരമ്പരാഗത ഇസ്‌ലാമിക് വാസ്തുവിദ്യക്കുള്ള സമര്‍പ്പണം എന്ന നിലയില്‍ക്കൂടിയാണ് ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ പുറംഭാഗത്തിന്റെ കണ്ണാടിയായിരിക്കും അകംഭാഗം. 40,000 പേര്‍ക്ക് സ്റ്റേഡിയത്തിലെ സീറ്റിംഗ് കപ്പാസിറ്റി. എജ്യുക്കേഷന്‍ സിറ്റിയിലുള്ള നിരവധി യൂണിവേഴ്‌സിറ്റി കാംപസുകളുടെ മധ്യത്തിലായിട്ടായിരിക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണം. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി കാല്‍ലക്ഷമാക്കും.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇവിടെയാണ് നടക്കുക.  ഖത്തറിന്റെ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും ശാശ്വത മുദ്രയായി സ്റ്റേഡിയം നിലനില്‍ക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി.  2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഡിയത്തിനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ലോകകപ്പ് മത്സരങ്ങള്‍ക്കു പുറമെ വ്യത്യസ്ത കായിക ഇനങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക- ആഭ്യന്തര  ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തോടനുബന്ധിച്ചുണ്ടാവും. പരിശീലനത്തിന് ആവശ്യമായ സൗകര്യവും ക്രമീകരിക്കും. കൂടാതെ സ്റ്റേഡിയത്തിന്റെ ഭാഗമായി ക്ലാസ് മുറികള്‍, ഓഫീസുകള്‍, കോണ്‍ഫറന്‍സ് മുറികള്‍, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവയും സജ്ജമാക്കും. കമ്യൂണിറ്റി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന  സെന്ററെന്ന നിലയിലും വിഭാവനം ചെയ്യുന്നുണ്ട്. ലോകകപ്പ് സമയത്തും അതിനുശേഷവും ഖത്തറിന് അഭിമാനിക്കാന്‍ കഴിയുന്ന പദ്ധതിയായിരിക്കുമിതെന്ന്  ക്യാപിറ്റല്‍ പ്രൊജക്ട്‌സ് ഡയറക്ടറേറ്റ് പ്രൊജക്ട് മാനേജര്‍ ഈദ് അല്‍ ഖഹ്താനി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!