Section

malabari-logo-mobile

ഖത്തര്‍ ഭരണാധികാരിയുമായി ബരാക്ക്‌ ഒബാമ ചര്‍ച്ചനടത്തും

HIGHLIGHTS : ദോഹ: ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മെയ് 13ന് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ്

Doha-Excitingദോഹ: ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മെയ് 13ന് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച.  ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, സഊദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായിട്ടായിരിക്കും ഒബാമ ചര്‍ച്ച നടത്തുക.
ഇറാനുമായി അമേരിക്ക ഉള്‍പ്പടെയുള്ള വന്‍രാജ്യങ്ങള്‍ ഏര്‍പ്പെടാന്‍ നിശ്ചയിച്ചിരിക്കുന്ന ആണവ കരാര്‍,  സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ ഹൂതികള്‍ക്കു നേരെ നടത്തുന്ന ആക്രമണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസം ക്യാംപ് ഡേവിഡില്‍ ജി സി സി നേതാക്കളുമായി പ്രത്യേക കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇറാനുമായി ആണവ കരാറിലേര്‍പ്പെടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നതാണ് അമേരിക്കന്‍ നിലപാട്. ഇക്കാര്യം കൂടി മുന്നില്‍ക്കണ്ടാണ് ഒബാമ ഗള്‍ഫ് ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത്. ലിബിയയിലെ രാഷ്ട്രീയ സാഹചര്യം ശാന്തമാക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം ഉണ്ടാകണമെന്ന് ഒബാമ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള സൈനിക നടപടി ലിബിയയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടത്.
ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മികച്ച രീതിയില്‍ ഇടപെടാനാകും. അതിന് അമേരിക്കയുടെ എല്ലാ പിന്തുണയും പ്രോത്സാഹനവുമുണ്ടാകും. സിറിയയിലും ഇറാഖിലും ശക്തമായി വേരുറപ്പിച്ച ഐ എസ് ലിബിയയിലും പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ടെന്ന് ഒബാമ ചൂണ്ടിക്കാട്ടി. തീവ്രവാദ ഭീഷണി എവിടെ നിന്നൊക്കെയാണ് ഉണ്ടാകുന്നതെന്ന് തങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. ലിബിയയുടെ കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. ഡ്രോണ്‍ ആയുധങ്ങളുപയോഗിച്ചോ സൈനിക നടപടികളിലൂടെയോ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കാണാനാകില്ലെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങള്‍ ഗള്‍ഫ് ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ കടന്നുവരുമെന്നാണ് അറിയുന്നത്.
ഗള്‍ഫ് ഭരണാധികാരികളുമായി ബരാക്ക് ഒബാമ  കഴിഞ്ഞ മാര്‍ച്ചില്‍ റിയാദില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും റദ്ദാക്കുകയായിരുന്നു. മേഖലയിലെ ശക്തികളുമായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒബാമയും സര്‍ക്കാരിലെ ഉയര്‍ന്ന പ്രതിനിധികളും സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്.
മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ രാഷ്ട്രീയ താത്പര്യങ്ങളും അമേരിക്ക നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുകയായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശ്യം. പിന്നീട് സഊദിയിലെ സല്‍മാന്‍ രാജാവ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി എന്നിവരുമായും മറ്റും പ്രത്യേകമായി ചര്‍ച്ച നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനൊപ്പം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗള്‍ഫിന്റെ പിന്തുണയും സഹായവും ഉറപ്പാക്കലും മെയ് 13ലെ ചര്‍ച്ചയിലൂടെ അമേരിക്ക ലക്ഷ്യമിടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!