ഖത്തറില്‍ അല്‍ ഫുറൗസിയ റൗണ്ട് എബൗട്ടില്‍ ഇന്ന് മുതല്‍ ഭാഗിക ഗതാഗത നിയന്ത്രണം

ദോഹ: അല്‍ ഫുറൗസിയ റൗണ്ട് എബൗട്ടില്‍ ഇന്ന് വൈകീട്ട് മുതല്‍ ഞായറാഴ്ച വൈകീട്ടുവകരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഭാഗികമായിട്ടായിരിക്കും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് അഷ്ഗാല്‍ അറിയിച്ചു. ഈ മൂന്ന് ദിവസങ്ങളില്‍ ഉം അല്‍ ജമാജിം സ്ട്രീറ്റിലും അല്‍ ഖാലാ സ്ട്രീറ്റില്‍ നിന്ന് അല്‍ ഫുറൗസിയ റൗണ്ട് എബൗട്ടിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് വലതുവശത്തുകൂടി മാത്രമെ അല്‍ ഫുറൗസിയ സ്ട്രീറ്റിലേക്കും പ്രവേശിക്കാന്‍ പാടുള്ളു.

അതെസമയം അല്‍ ഫുറൗസിയ സ്ട്രീറ്റില്‍ നിന്നും റൗണ്ട് എബൗട്ടിലേക്കുള്ള വാഹനങ്ങള്‍ക്കു നേരെ കടന്നുപോവുകയോ വലത്തേക്കു തിരിഞ്ഞുപോവുകയോ ചെയ്യാവുന്നതാണ്. അല്‍ ഫുറൗസിയ സ്ട്രീറ്റ് രണ്ടുവശങ്ങളിലും നാലുവരി ഗതാഗതം സാധ്യമാകുന്ന തരത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാഹനം ഓടിക്കുന്നവര്‍ അറിയിപ്പു ബോര്‍ഡുകള്‍ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണമെന്ന് അഷ്ഗലും പൊതുഗതാഗത ഡയറക്ടറേറ്റും വ്യക്തമാക്കുന്നു.