ഖത്തറില്‍ അല്‍ മസ്രൂവ ഇന്റര്‍ചേഞ്ചില്‍ ഗതാഗതനിയന്ത്രണം

ദോഹ: അല്‍ മസ്രൂവ ഇന്റര്‍ചേഞ്ചില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഞാറാഴ്ച പുലര്‍ച്ചവരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയതായി അഷ്ഗാല്‍ അറിയിച്ചു. പുതിയ ഓര്‍ബിറ്റല്‍ ഹൈവേട്രക്ക് റൂട്ട് പദ്ധതിയുടെ ഭാഗമായി ബഹുതലഗതാഗതം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.

1.8 കിലോമീറ്റര്‍ നീളത്തില്‍ സമീപത്തായി നിര്‍മിച്ച താല്‍ക്കാലിക പാതയിലൂടെയാണ് ഇരുവശങ്ങളിലേക്കും ഒറ്റവരി ഗതാഗതം അനുവദിക്കുക. വടക്കുകിഴക്കുദിശയിലും വടക്കുപടിഞ്ഞാറു ദിശയിലും താല്‍ക്കാലിക ട്രക്ക് റൂട്ടിനേയും അല്‍ ഷമാല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ചിന്റെ റാമ്പുകള്‍ അടയ്ക്കും.

പകരം കിഴക്കും പടിഞ്ഞാറുമുള്ള റൗണ്ട് എബൗട്ടുകളിലൂടെ കടന്നുപോകാം. ഇവിടെ പരമാവധിവേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആയിരിക്കുമെന്നും സൈന്‍ബോര്‍ഡുകള്‍ ശ്രദ്ധിച്ചുമുന്നോട്ടുപോകണമെന്നും അഷ്ഗാല്‍ അറിയിച്ചു.