ഖത്തറില്‍ നിരത്തില്‍ സ്ഥാപിച്ച മൊബൈല്‍ റഡാറുകള്‍ പണികൊടുത്തു തുടങ്ങി

 

ദോഹ: തെറ്റായ രീതിയില്‍ വാഹനമോടിച്ച നിരവധി ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗത അധികൃതര്‍ നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്താനായി ഗതാഗതവകുപ്പ് രാജ്യത്തുടനീളം സ്ഥാപിച്ച മൊബൈല്‍ റഡാറുകള്‍ വഴിയാണ് നിയമം ലംഘിച്ചവരെ കണ്ടെത്തിയിരിക്കുന്നത്.

നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ ദോഹ വ്യവസായ മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 52ലുള്ള ഗതാഗത വകുപ്പിന്റെ വെഹിക്കിള്‍ സീസന്‍ വിഭാഗത്തില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ തെറ്റായ രീതിയില്‍ മറ്റുവാഹനങ്ങളെ മറികടക്കല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ നടത്തിയാല്‍ ഗതാഗത നിയമത്തിലെ 64ാം വകുപ്പ് പ്രകാരം ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ തടവും മൂവായിരം മുതല്‍ പതിനായിരം റിയാല്‍ വരെ പിഴയും ചുമത്തും. പരിഷ്‌ക്കരിച്ച ഗതാഗത നിയമ പ്രകാരം ആയിരം റിയാല്‍ പിഴ അടച്ച് ഒത്തുതീര്‍പ്പാക്കാനും കഴിയും.

അതെസമയം പല ഡ്രൈവര്‍മാര്‍ക്കു ഗതാഗത നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായിമയാണ് ലംഘനം ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമലംഘനം നടത്തിയ ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം ഫോണില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത് റോഡപകടങ്ങള്‍,മരണനിരക്ക് എന്നിവ കുറയ്ക്കാനായി ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ഗതാഗത വകുപ്പ് നടപ്പാക്കി വരുന്നത്.