റമദാന്‍ അവസാന ദിനങ്ങളില്‍ ഷോപ്പിംഗ് ഒഴിവാക്കണം; ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

Story dated:Tuesday May 30th, 2017,04 31:pm

ദോഹ: പെരുന്നാളിന്റെ തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ആളുകള്‍ ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റമദാന്‍ തിരക്ക് കണക്കിലെടുത്താണ് മന്ത്രാലയം ആളുകളോട് തങ്ങളുടെ ഷോപ്പിങ് നേരത്തെ നടത്താന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കുട്ടികളെ ഈ അവസരങ്ങളില്‍ റോഡുകളില്‍ കളിക്കാന്‍ ഇറക്കുന്നതു പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. റമദാന്‍ 15ാമത് രാത്രിയിലെ ഗരന്‍ഗാവോ ആഘോഷ സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധപാലിക്കണമെന്നും റോഡുകളിലും നിരത്തുകളിലും കുട്ടികള്‍ നടക്കാന്‍ ഇടയുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്നു.

ഇതിനുപുറമെ ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. വീട്ടിനുള്ളില്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടെന്ന കാര്യവും എല്ലാവരും ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.