റമദാന്‍;ഖത്തറില്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് വഴിയുള്ള ഭിക്ഷാടനത്തിനും നടപടി

ദോഹ: രാജ്യത്ത് റമദാന്‍മാസത്തില്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ്(സിഐഡി) ഭിക്ഷാടനത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങി സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഭിക്ഷാടനത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്യാപ്റ്റന്‍ അബദുല്ല സാദ് അല്‍ ദോസരി വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന ഭിക്ഷാടനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതായും ഇത് ഗൗരവത്തടോ പരിശോധിക്കുമെന്നും അദേഹം പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ കാട്ടി ഇവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്നും ചികിത്സയ്ക്ക് ആയിരക്കണക്കിന് റിയാല്‍ ആവശ്യമാണെന്നും കാണിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭിക്ഷാടനം. ഇതിനുപുറമെ മുസ്ലിംരാജ്യങ്ങളിലെ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണം ആവശ്യപ്പെടുന്നവരുമുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ഭിക്ഷാടന പ്രതിരോധവിഭാഗം ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. ജനങ്ങൾക്ക്​ ആര്‍ക്കെങ്കിലും പണം സംഭാവന ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അംഗീകൃത ചാരിറ്റി സംഘടനകള്‍ വഴിയായാരിക്കണം സംഭാവന നല്‍കേണ്ടതെന്നും ദോസരി പറഞ്ഞു.

പരാതികൾ പരിഹരിക്കാൻ 33618627 എന്ന ഹോട്ട്ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. സിഐഡിയിലെ 2347444 എന്ന നമ്പരിലും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്നും അദ്ദേഹം അറിയിച്ചു. ഭിക്ഷാടനം കൂടുതല്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പട്രോളിങ് സംഘത്തെ ചുമതലപ്പെടുത്തും. ഭിക്ഷക്കാര്‍ ആളുകളെ സമീപിക്കുകയാണെങ്കില്‍ അവരെ സമീപത്തുള്ള ചാരിറ്റി അസോസിയേഷനില്‍ ഏല്‍പ്പിക്കണം എന്നും അറിയിപ്പിൽ പറയുന്നു.