ഖത്തറില്‍ പൊതുമേഖലയിലെ അഴിമതി തടയാന്‍ ഓഡിറ്റ് ബ്യൂറോ രൂപീകരിക്കുന്നു

ദോഹ: ഖത്തറില്‍ പൊതുമേഖലയിലെ അഴിമതി തടയാനായി ഓഡിറ്റ് ബ്യൂറോ നിയമത്തിന് അമീര്‍ അംഗീകാരം നല്‍കി. സര്‍ക്കാറിന്റെ ധനവിനിയോഗം പരിശോധിച്ച് പൊതുമേഖലാ കരാറുകളില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയായിരിക്കും ബ്യൂറോയുടെ പ്രധാന ചുമതല.

ഇതനുസരിച്ച് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഓഡിറ്റ് ബ്യുറോ, അമീറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പു വരുത്തുന്നതായിരിക്കും പുതിയ നിയമം. പൊതുമേഖലയിലെ അഴിമതിക്കെതിരെ സ്റ്റേറ്റ് ഓഡിറ്റ് ബ്യുറോ രൂപീകരിക്കാനുള്ള പുതിയ നിയമത്തിനു അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ പൊതു ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പദ്ധതി നടത്തിപ്പുകളും ഓഡിറ്റ് ബ്യുറോയുടെ നിരീക്ഷണത്തിന് വിധേയമാകും.