രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയം ആര്‍ക്കും അടിയറവ് പറയില്ല;ഖത്തര്‍ വിദേശമന്ത്രി

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. ഇപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കനാന്‍ രാജ്യത്തിന്റെ വിദേശനയം മാറ്റാന്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തങ്ങള്‍ കീഴടങ്ങില്ലെന്നും രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയം ആര്‍ക്കും അടിയറവെക്കില്ലെന്നും എക്കാലത്തും തങ്ങള്‍ ഇതുപോലെ ജീവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ശത്രുരാജ്യംപോലും ഖത്തറിനോട് ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും. ഇത്തരത്തിലുള്ള വൈരം ഖത്തര്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗമനവും വിജയവും കാരണമാണു ഇത്തരത്തില്‍ ഖത്തറിനെ ഒറ്റപ്പെടുത്തുന്നത്. ഖത്തര്‍ സമാധാനത്തിന്റെ വേദിയാണെന്നും അല്ലാതെ ഭീകരവാദത്തിന്റേതല്ലെന്നും അദേഹം പറഞ്ഞു.

ഭക്ഷ്യകാര്യകത്തില്‍ യാതൊരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തിന്റെ ഭക്ഷണത്തിന് ആവശ്യമായ 16 ശതമാനം മാത്രമാണ് ഇപ്പോള്‍ അടച്ചിരിക്കുന്ന സൗദി അറേബ്യന്‍ അതിര്‍ത്തിവഴി വരുന്നത്. അത് ഇപ്പോള്‍ പരിഹരിച്ചുകഴിഞ്ഞിട്ടുണ്ട്. ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇറാന്‍ തയ്യാറായിട്ടുണ്ട്. ഇതിനായി ഇറാനിലെ മൂന്ന് തുറമുഖങ്ങള്‍ മാറ്റിവെക്കാന്‍ തയ്യാറായിട്ടുള്ളതായും അവര്‍ അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ഇതുവരെ ഖത്തര്‍ ഈ വാഗ്ദനങ്ങള്‍ സ്വീകരിച്ചതായി സ്ഥിരീകരണം ആയിട്ടില്ല. ബന്ധം വിച്ഛേദിച്ചിട്ടുള്ള രാജ്യങ്ങള്‍ ഇതുവരെയും വ്യക്തമായ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നാണ് ഖത്തര്‍ കരുതുന്നത്.

യുഎഇയുടെ ഊര്‍ജാവശ്യത്തിനുളള 40 ശതമാനവും ഖത്തറിന്റെ പ്രകൃതി വാതകത്തെ ആശ്രയിച്ചാണുള്ളത്. യുഎഇയ്ക്ക് എല്‍എന്‍ജി നല്‍കാനുള്ള കരാറില്‍ ഖത്തര്‍ ഒപ്പുവച്ചിട്ടുണ്ട്. ആ കരാറിനെ ഖത്തര്‍ മാനിക്കുന്നതായും മന്ത്രി വ്യക്തമാക്കി.