ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ 210 ഇന്ത്യക്കാര്‍; ആശ്വാസമേകി ഓപ്പണ്‍ ഹൗസ്

ദോഹ: ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 210 ഇന്ത്യക്കാരും നാടുകടത്തല്‍ കേന്ദ്രത്തിലുള്ളത് 86 ഇന്ത്യക്കാരുമാണെന്ന് ഇവിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി നടത്തിവരുന്ന പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. സ്ഥാനപതി പി.കുമാരന്‍, തേര്‍ഡ് സെക്രട്ടറി(തൊഴില്‍, സാമൂഹ്യക്ഷേമം),ഡോ. എം അലീം എന്നിവരും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി.

ഓപ്പണ്‍ ഹൗസില്‍ ലഭിച്ച 16 പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കായി 88 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണു നവംബര്‍ മാസത്തില്‍ അനുവദിച്ചത്. ഇതിനു പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടി 17 വിമാന ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. നവംബറില്‍ സല്‍വ, മീസൈദ്, അല്‍ഖോര്‍, ദുഖാന്‍,സിക്രീത്ത് എന്നിവിടങ്ങളില്‍ കോണ്‍സുലര്‍ ക്യാമ്പുകള്‍ നടത്തി. ഇതിലൂടെ 254 പേര്‍ക്കു സേവനങ്ങള്‍ നല്‍കിയതായും എംബസി അറിയിച്ചു.

ഓപ്പണ്‍ഹൗസില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്)പ്രസിഡന്റ് ഡേവിഡ് എടക്കുളത്തൂര്‍, വൈസ് പ്രസിഡന്റ് പി എന്‍.ബാബുരാജന്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഉപദേശക സമിതി ചെയര്‍മാന്‍ കരീം അബ്ദുല്ല എന്നിവരും പങ്കെടുത്തു.

Related Articles