മക്കളെ വിട്ടുകിട്ടാന്‍ പോലീസ്‌ സ്‌റ്റേഷനു നേരെ ആക്രമണം നടത്തിയ ഖത്തരി പൗരന്റെ വിചാരണ തുടങ്ങി

court.jpg-771x578 (1)ദോഹ: പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് മക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖൈനിസ് പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ ഖത്തരി പൗരന്റെ വിചാരണ തുടങ്ങി. ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം ആക്രമിയും കുടുംബാംഗങ്ങളായ മൂന്ന് പേരും വാഹനത്തില്‍ രക്ഷപ്പെട്ടെങ്കിലും പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കസ്റ്റഡിയിലുള്ള രണ്ടു മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് പ്രതി പൊലീസ് സ്റ്റേഷനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ നടന്ന വിചാരണയില്‍ ജയില്‍ ഗാര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രതിയെ കോടതിയില്‍ വാദം കേള്‍ക്കുന്നതിന് ഹാജരാക്കിയിരുന്നില്ല.

മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലില്‍ പ്രതിഭാഗം അഭിഭാഷകന്‍ സാക്ഷികളെ ക്രോസ് വിസ്താരത്തിന് വിധേയമാക്കിയില്ല.

ലഖ്‌വിയയിലെ ഫസ്റ്റ് ലഫ്റ്റനന്റ് ആണ് കേസിലെ ഒന്നാം സാക്ഷി.

നിര്‍മാണ കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് ഖത്തരി പൗരന്റെ മക്കളിലൊരാളെ ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് സാക്ഷി കോടതിയെ അറിയിച്ചു. തങ്ങളുടെ തൊഴിലാളികളെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ഇത് തടയാന്‍ ശ്രമിച്ചതിനാണ് രണ്ടാമത്തെ മകനെയും അറസ്റ്റ് ചെയ്തത്. മുഖൈനിസ് പൊലിസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുവന്നത്. വിവരമറിഞ്ഞ പിതാവ് തന്റെ വാഹനത്തില്‍ രണ്ട് കലാഷ്‌നിക്കോവ് റൈഫിളുകളുമായി പൊലിസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

തുടര്‍ന്ന് മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട പ്രതി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടു പൊലിസുകാര്‍ക്കും സ്റ്റേഷന്‍ സൂപ്പര്‍വൈസര്‍ക്കും പരുക്കേറ്റു.

ബഹളത്തിനിടെ പിതാവും മക്കളും വാഹനത്തില്‍ അതിവേഗത്തില്‍ ഓടിച്ചുപോയി.

തുടര്‍ന്ന് ഇവരെ പോലിസ് പിന്തുടര്‍ന്നാണ് പിടികൂടിയതെന്ന് സാക്ഷികള്‍ വ്യക്തമാക്കി.

കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 19ന് നടക്കും.