Section

malabari-logo-mobile

ഖത്തറില്‍ മെറ്റല്‍ സിലിണ്ടറുകള്‍ക്ക്‌ വിട..ഇനി പ്ലാസ്റ്റിക്‌ സിലിണ്ടറുകള്‍

HIGHLIGHTS : ദോഹ: വുഖൂദിന്റെ ശഫാഫ് പ്ലാസ്റ്റിക്ക് ഗ്യാസ് സിലിണ്ടറുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വുഖൂദ് പ്രമോഷന്‍ പ്രഖ്യാപിച്ചു. മെറ്റല്‍ സിലിണ്ടറുകള്‍ മാറ്റി പകരം...

16ദോഹ: വുഖൂദിന്റെ ശഫാഫ് പ്ലാസ്റ്റിക്ക് ഗ്യാസ് സിലിണ്ടറുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വുഖൂദ് പ്രമോഷന്‍ പ്രഖ്യാപിച്ചു. മെറ്റല്‍ സിലിണ്ടറുകള്‍ മാറ്റി പകരം പ്ലാസ്റ്റിക്ക് സിലിണ്ടറുകള്‍ എടുക്കുമ്പോള്‍ 100 റിയാല്‍ ഡിസ്‌കൗണ്ട് ലഭിക്കും. ശഫാഫിന്റെ യഥാര്‍ഥ വിലയായ 365 റിയാലിന് പകരം മെയ് 31 വരെ 265 റിയാലിനാണ് ലഭ്യമാവുക.
മെറ്റല്‍ ഗ്യാസ് സിലിണ്ടറുകള്‍ നാലു വര്‍ഷത്തിനകം തീര്‍ത്തും പിന്‍വലിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് പ്രമോഷന്‍. മാര്‍ച്ച് ഒന്നാം തിയ്യതി ആരംഭിച്ച ഓഫര്‍ മെയ് 31 വരെ തുടരുമെന്ന് വുഖൂദിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു.
മെറ്റല്‍ സിലിണ്ടറുകളേക്കാള്‍ പ്ലാസ്റ്റിക്ക് സിലിണ്ടറുകള്‍ കൂടുതല്‍ സുരക്ഷിതവും കൈകാര്യം ചെയ്യാന്‍ എളുപ്പവുമായതിനാലാണ് ശഫാഫിന്റെ സിലിണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് അല്‍ വജ്ബയില്‍ പുതിയ വുഖൂദ് ഫ്യുവല്‍ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ വുഖൂദ് സെയില്‍സ് മാനേജര്‍ ബുല്‍ ഖാസിം അല്‍ ശാബി പറഞ്ഞു. നിലവില്‍ ആറ് ലക്ഷം മെറ്റല്‍ സിലിണ്ടറുകളും ഒന്നര ലക്ഷം പ്ലാസ്റ്റിക്ക് സിലിണ്ടറുകളുമാണ് ഉപയോഗിക്കുന്നത്. ശഫാഫ് സിലിണ്ടറുകള്‍ 2010ലാണ് പുറത്തിറക്കിയത്.
ശഫാഫ് പ്ലാസ്റ്റിക്ക് സിലിണ്ടറുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം ഗ്യാസ് ചോര്‍ച്ചയോ പൊട്ടിത്തെറിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. മാത്രമല്ല, സിലിണ്ടര്‍ സുതാര്യമായതിനാല്‍ സിലിണ്ടറില്‍ എത്രമാത്രം ഗ്യാസുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് നേരില്‍ കാണാനും സാധിക്കും.
വുഖൂദിന്റെ രാജ്യത്തെ 24-ാമത് ഫ്യുവല്‍ സ്റ്റേഷനാണ് അല്‍ വജ്ബയില്‍ ആരംഭിച്ചതെന്ന് വുഖൂദ് സി ഇ ഒ ഇബ്രാഹിം ജെഹാം അല്‍ കുവാരി പറഞ്ഞു. 2019 ആകുമ്പോഴേക്കും 100 ഫ്യുവല്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാനാണ് വുഖൂദ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ പൂര്‍ത്തിയാകുന്ന വിധത്തില്‍ 12 ഫ്യുവല്‍ സ്റ്റേഷനുകളുടെ പണികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, നിലവിലുള്ള 10 ഫ്യുവല്‍ സ്റ്റേഷനുകളുടെ വിപുലീകരണം പൂര്‍ത്തിയാക്കലും പദ്ധതിയിലുണ്ട്.
നിലവിലുള്ള പെട്രോള്‍ സ്റ്റേഷനുകളില്‍ വാഹന പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. അടുത്ത ഫ്യുവല്‍ സ്റ്റേഷന്‍ ഗ്രാമീണ മേഖലയായ ജമീലിസില്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ഇബ്രാഹിം ജഹാം അല്‍ കുവാരിയെ ഉദ്ധരിച്ച് അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമുള്ള കേന്ദ്രങ്ങളിലെല്ലാം ഫ്യുവല്‍ സ്റ്റേഷന്‍ അനുവദിക്കുമെന്നും വരുന്ന നാലോ അഞ്ചോ വര്‍ഷത്തിനകം 76 കേന്ദ്രങ്ങള്‍ പണിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൗണ്‍ ടൗണ്‍ ദോഹയിലും വുഖൂദ് ഫ്യുവല്‍ സ്റ്റേഷന്‍ പണിയാനായി ഗവണ്‍മെന്റില്‍ നിന്നും സ്ഥലം ലഭ്യമായിട്ടുണ്ടെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!