ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരെ പിരിച്ചുവിടല്‍;പ്രവാസികള്‍ ആശങ്കയില്‍

imagesഖത്തറില്‍ എണ്ണമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പിരിച്ചുവിടല്‍ നടപടി തുടരുന്നു. ഖത്തര്‍ പെട്രോളിയത്തിലെ ജനറല്‍ സര്‍വ്വീസിലും മാനവ വിഭവശേഷി വകുപ്പിലും നാളെ മുതല്‍ നടപടി ആരംഭിക്കും. ഗള്‍ഫില്‍ തന്നെ എണ്ണമേഖലയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന സ്ഥാപനമാണ് ക്യൂപി. ഈ മാസം 12നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ഖത്തര്‍ പെട്രോളിയം ഒരുങ്ങുന്നത്. ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ ആശങ്കയിലാണ്.

ഉയര്‍ന്ന ശന്പളവും മറ്റാനുകൂല്യങ്ങളും നല്‍കി വരുന്ന ഖത്തര്‍ പെട്രോളിയത്തില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ജീവനക്കാരുടെ എണ്ണം കുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി കഴിഞ്ഞ നവംബറിലാണ് ഒരു ഏജന്‍സിയെ നിയമിച്ച് പ0നം നടത്തിയത്. അവര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചക്കകം 1700 ഓളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതില്‍ പകുതിയോളം മലയാളികളാണ്. അതേസമയം മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന വിവിധ വിഭാഗങ്ങളില്‍ നാളെ മുതലാണ് നോട്ടീസ് ലഭിക്കുക.

ക്യൂപി ഇന്റര്‍നാഷണലിനെ ഖത്തര്‍ പെട്രോളിയം കമ്പനിയില്‍ ലയിപ്പിച്ചതിനു പുറമെ മിസഈദ് ഇന്റസ്ട്രില്‍ സിറ്റി , റാസലഫാന്‍ ഇന്റസ്ട്രിയല്‍ സിറ്റി എന്നിവയും പരസ്പരം ലയിപ്പിച്ചിരുന്നു. മററു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഖത്തറില്‍ എണ്ണമേഖലയിലുള്ള കമ്പനികളില്‍ നേരിട്ട് ജോലിചെയ്യുന്ന മലയാളികള്‍ കൂടുതലാണ്. അഡ്മിനിഷ്ട്രേഷന്‍ മേഖലയില്‍ ജോലി ചെയ്തുവന്നിരുന്ന നിരവധി മലയാളി സ്ത്രികള്‍ക്കും ഇതിനകം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റു കന്പനികളിലെ ജോലി ഉപേക്ഷിച്ച് അടുത്ത് കാലത്ത് മാത്രം ക്യു പി യില്‍ ചേര്‍ന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പിരിച്ചു വിട്ടവരെ സ്വീകരിക്കാന്‍ മറ്റു ക്യുപി കന്പനികള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തിവന്നിരുന്ന ഇവര്‍ക്ക് തിരിച്ചടിയാണ്