ഖത്തറില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍ക്ക് അനുമതിയില്ല

ദോഹ: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ കാര്‍ പാര്‍ക്കിങ് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള കരടുനിയമത്തിന് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ശൂറകൗണ്‍സിലിന്റെ പരിഗണനയ്ക്കു കൈമാറി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പാര്‍പ്പിടമേഖലകള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയോടടുത്ത മേഖലകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കിയോ അല്ലാതെയോ കാര്‍ പാര്‍ക്കിങ് ഒരുക്കാനാണു നഗരസഭ, പരിസ്ഥിതി മന്ത്രാലയം മുന്‍കയ്യെടുത്തു പുതിയ കരടുനിയമം തയ്യാറാക്കിയത്. കാര്‍പാര്‍ക്കിങ് സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കുന്നതും കരടുനിയമം വിലക്കുന്നുണ്ട്. വിപുലമായ തോതില്‍ പാര്‍ക്കിങ്ങിനു സൗകര്യമുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനത്തിനു കരടുനിയമത്തില്‍ വ്യവസ്ഥയുണ്ട്.

പെയ്ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളാരംഭിക്കുന്നതിന് നഗരസഭ മന്ത്രാലയത്തിലെ സാങ്കേതിക കാര്യവിഭാഗത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. പൊതു സ്ഥലങ്ങളില്‍ ഫീസ് ഈടാക്കിയോ ഈടാക്കാതെയോ പാര്‍ക്കിങ് സംവിധാനം അനുവദിക്കുന്നതിനുള്ള അധികാരവും അവയുടെ നടത്തിപ്പും മേല്‍നോട്ടച്ചുമതലയും നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിനാണ്.