പ്രവാസികള്‍ എപ്പോഴും ഒറിജിനല്‍ ഖത്തര്‍ ഐഡി കൈയില്‍ കരുതണം

ദോഹ: ഖത്തറിലെ പ്രവാസികള്‍ എല്ലായിപ്പോഴും തങ്ങളുടെ ഒറിജിനല്‍ റെസിഡന്‍സ് പെര്‍മിറ്റ്(ഖത്തര്‍ ഐഡി) കൈവശം കരുതിയിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. റസിഡന്‍സി പെര്‍മിറ്റിന്റെ ഫോട്ടോകോപ്പികള്‍ അംഗീകരിക്കില്ല. അല്‍ ഫസ പോലീസ് ആവശ്യപ്പെടുമ്പോള്‍ ഒറിജിനല്‍ തന്നെ കാണിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവി പറഞ്ഞു. ഷെയ്ഖ് താനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസ് (റാഫ്) ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതെസമയം ഏതെങ്കിലും വ്യക്തി പോലീസുകാരനാണെന്നോ, സിഐഡിയാണെന്നോ പറഞ്ഞ് ഖത്തര്‍ ഐഡി ആവശ്യപ്പെടുകയാണെങ്കില്‍ അവരോട് തിരിച്ച് അവരുടെ ഐഡികാര്‍ഡ് കാണിച്ചുതരുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദേഹം പറഞ്ഞു.

ഔദ്യോഗിക ഉദ്യോഗസ്ഥരുടെ കൈവശം മൂന്ന് ഐഡികളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കും. ആഭ്യന്തരമന്ത്രാലയം നല്‍കുന്ന ഐഡികാര്‍ഡ്, സിഐഡി ഐഡികാര്‍ഡ്, ഡ്രഗ്‌സ് പ്രിവന്‍ഷന്‍ ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നല്‍കുന്ന കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരിക്കുമെന്നും അദേഹം പറഞ്ഞു.

Related Articles