ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കു സമീപം അത്യാധുനിക സംവിധാനങ്ങളോടെ ആശുപത്രി നിര്‍മിക്കുന്നു

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റിക്കു സമീപം അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി നിര്‍മിക്കുന്നു. 250 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനാണ് തീരുമാനം.
ജനസംഖ്യാവര്‍ധനവിനനുസരിച്ച് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ആശുപത്രിസ്ഥാപിക്കുന്നത്.
വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ചും ആധുനിക പരിശോധനാ യന്ത്രങ്ങള്‍ സ്ഥാപിച്ചും പരിചയമുള്ള നിര്‍മാണ കരാറുകാരില്‍നിന്ന് അശ്ഗാല്‍ പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. പുതിയ ആശുപത്രി എല്ലാവിധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും.
അഞ്ചു നിലകളിലായി 62,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് ആശുപത്രി നിര്‍മിക്കുന്നത്.
ഇതിനോടു ചേര്‍ന്നു വാഹന പാര്‍ക്കിങ്ങിനും അനുബന്ധ സേവനങ്ങള്‍ക്കുമായി നാലു നിലകളുള്ള മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കുന്നുണ്ട്.
ഇതില്‍ ഒരുനില ഭൂഗര്‍ഭ പാര്‍ക്കിംഗാണ്. 41,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഈ കെട്ടിടത്തില്‍ 1,200 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. നിര്‍മാണ ജോലികള്‍ ഏപ്രിലില്‍ ആരംഭിക്കും. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ആശുപത്രിയാണു പുതിയതായി നിര്‍മിക്കുന്നത്.
ഒ പി, ഇന്‍പേഷ്യന്റ് വിഭാഗങ്ങള്‍ക്കു പുറമേ അത്യാഹിതങ്ങളില്‍ അടിയന്തര ചികില്‍സ നല്‍കാനും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും.
ഇതിനായി ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഒന്നിലേറെ മിനി, മേജര്‍ ഓപ്പറേഷന്‍ തിയറ്ററുകളും ആശുപത്രിയിലുണ്ടാവും. ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗര്‍ഭിണികള്‍ക്കു വിദഗ്ധപരിചരണം, ഹൃദ്രോഗ വിഭാഗം, അമിതഭാരം കുറയ്ക്കുന്നതിനുള്ള ബരിയാട്രിക് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങള്‍, പതോളജി ലാബ്, എം ആര്‍ ഐ, സി ടി സ്‌കാന്‍ അടക്കമുള്ള ആധുനിക പരിശോധനാ സൗകര്യങ്ങളും പുതിയ ആശുപത്രിയില്‍ ഉണ്ടാകും.