ഖത്തര്‍ ഓപ്പണ്‍ ബീച്ച് വോളി വേള്‍ഡ് ടൂര്‍ മത്സരങ്ങള്‍ ഇന്ന് സമാപിക്കും

images (1)ദോഹ: ഖത്തര്‍ ഓപ്പണ്‍ ബീച്ച് വോളി വേള്‍ഡ് ടൂര്‍ മത്സരങ്ങള്‍ ഇന്ന് സമാപിക്കും. രണ്ടും മൂന്നും റൗണ്ട് മല്‍സരങ്ങളോടെ ഏറ്റവും കരുത്തരായ നാലു ടീമുകള്‍ ഇന്ന് രാവിലെ 10നും 11നും നടക്കുന്ന സെമി ഫൈനലില്‍ മത്സരിക്കും.
മത്സര ലഹരിക്ക്  എരിവ് പകരാന്‍ വിവിധ രാജ്യക്കാരായ പ്രവാസികളുടെ കലാപരിപാടികള്‍ സമാന്തരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. വോളിഖിന്റെ നേതൃത്വത്തില്‍ ഏകീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി കലാപരിപാടിയില്‍ സ്‌കില്‍സ് ഡവലപ്മന്റ് സെന്റര്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച കലാപരിപാടികളും പിതാവ് അഷ്‌കറിന്റെ ശിക്ഷണത്തില്‍ ഷാഹിലയും ഷ്വാദികയും അവതരിപ്പിച്ച വ്യത്യസ്തങ്ങളായ മാജിക്കല്‍ ഡാന്‍സുകളും വിവിധ നാട്ടുകാരുടെ പ്രശംസനേടി. വോയ്‌സ് ഓഫ് കേരള അവതാരകരായ റെജി മണ്ണേല്‍,  മെലീന,  രതീഷ് കുമാര്‍ തുടങ്ങിയവര്‍ രസകരമായ ഗെയിമുകളുമായി രംഗത്തുണ്ട്. ദോഹ സിംഗിംഗ് ബേര്‍ഡ്‌സ്  അവതരിപ്പിക്കുന്ന  ഗാനമേളയും ആസ്വാദകരെ ഏറെ രസിപ്പിക്കുന്നുണ്ട്. ഗഷാം ഗ്രൂപ്പ് നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെയും വിവിധ മല്‍സരങ്ങളിലൂടെയും കാണികള്‍ക്ക് സമ്മാനിക്കുന്നുണ്ട്. കൂടുതല്‍ ദിവസങ്ങളില്‍ ഈ കായിക മാമാങ്കത്തിനു വന്നു നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി മൂന്നു ഭാഗ്യവാന്മാര്‍ക്കു നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റുകളും സമ്മാനമായി നല്‍കുന്നുണ്ട്.