ഖത്തര്‍ തത്സമയ വിസക്കാലാവധി നീട്ടാന്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തണം

ദോഹ: ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തുന്നവരുടെ വിസയുടെ കാലാവധി നീട്ടാനായി ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് വിമാനത്താവള-പാസ്‌പോര്‍ട്ട് വകുപ്പ് അധികൃതര്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തത്സമയ(ഓണ്‍ അറൈവല്‍) വിസയുടെ കാലാവധി നീട്ടാമെന്നാണ് വിമാനത്താവാള പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയി വ്യക്തമാക്കി.

വിസയുടെ കാലാവധി നീട്ടാനായി വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വകുപ്പ് സന്ദര്‍ശിക്കേണ്ടതില്ല. ഇതിനായുള്ള സൗകര്യം വകുപ്പ് നേരത്തെ നല്‍കിയിരുന്നെങ്കിലും അത് അവസാനിപ്പിക്കുകയായിരുന്നു. തത്സമയ വിസയിലെത്തുന്നവര്‍ക്ക് 30 ദിവസംകൂടി രാജ്യത്ത് തങ്ങാവുന്നതാണ്. ശേഷം മുപ്പത് ദിവസം കൂടി ആവശ്യമുള്ളവര്‍ മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന സൈറ്റില്‍ അപേക്ഷിച്ചാല്‍ മതി. വിസക്കാലാവധി നീട്ടാനുള്ള അപേക്ഷയും സൗജന്യമാണ്. നിശ്ചിത സമയത്തിന് മുമ്പായി വിസക്കാലവധി നീട്ടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിദിനം 200 റിയാല്‍ വീതം(3575 രൂപ) പിഴ അടയ്‌ക്കേണ്ടിവരും.

സൗജന്യ തത്സമയ വിസയ്ക്ക് കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവയാണ് ആവശ്യമായി വരുന്നത്. കൂടാതെ സന്ദര്‍ശകര്‍ ഖത്തറിലെ താമസവിലാസം നല്‍കിയിരിക്കണം.