ആഗോള എണ്ണവിലയിടവില്‍ ഖത്തറിന്‌ ആശങ്ക: അടുത്തവര്‍ഷം വിലകുടുമെന്ന്‌ പ്രതീക്ഷ

Story dated:Tuesday October 13th, 2015,02 50:pm

imagesദോഹ: ആഗോള സാമ്പത്തിക മേഖലയിലെ പുരോഗതിയും ആവശ്യകതയിലെ വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷത്തോടെ എണ്ണ വില വര്‍ധിക്കാനുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്ന് ഊര്‍ജ്ജമന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. എണ്ണ വില ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്.

അടുത്ത വര്‍ഷത്തോടെ വില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപെക്ട ആക്ടിംഗ് പ്രസിഡന്റ് കൂടിയാണ് ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ.

ലോക ജി ഡി പിയിലെ വര്‍ധന 2016ല്‍ 3.4 ശതമാനമാണ് കണക്കാക്കുന്നത്.

2015ല്‍ ഇത് 3.1 ശതമാനമാണുള്ളത്.

ഇത് ആഗോള എണ്ണ ഡിമാന്റില്‍ പ്രതിദിനം 1.3 മുതല്‍ 1.5 ദശലക്ഷം ബാരല്‍ വരെ വര്‍ധനയാണുണ്ടാക്കുക.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തിലെ വര്‍ധന 2015ല്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്.

2016ല്‍ ഇത് പൂജ്യത്തിലോ നെഗറ്റീവിലോ എത്തുമെന്നാണ് കരുതുന്നതെന്നും അല്‍ സാദ പറഞ്ഞു.

വിപണി വില കുറഞ്ഞതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ മൂലധന ചെലവ്  2014നെ അപേക്ഷിച്ച് 20 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

നിക്ഷേപം കുറക്കുന്ന ഈ പ്രവണത എണ്ണയുടെ ഉത്പാദനം കുറക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒപെകിന്റേയും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളുടേയും സാങ്കേതിക യോഗം 21ന് ചേരുമെന്ന് അറിയിച്ചിരുന്നു