ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ സ്വാഗതാര്‍ഹം;ഒഐസിസി ഖത്തര്‍

images (1)ദോഹ: ഇന്ത്യയില്‍ നിന്ന് ജോലിക്കായി വിദേശത്തേക്ക് പോകുന്ന നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് ഗവണ്‍മെന്റ് ഏറ്റെടുത്ത നടപടിയെ ഒ ഐ സി സി ഖത്തര്‍ (ഇന്‍കാസ്) സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വൈകുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇത്തരത്തിലുള്ള കാലതാമസം വിദേശത്ത് ഇന്ത്യന്‍ നഴ്‌സുമാരുടെ അവസരം നഷ്ടപ്പെടാന്‍ ഇടവരുത്തുമെന്ന് യോഗം വിലയിരുത്തി. നോര്‍ക്ക, ഒ ഡി ഇ പി സി എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റിന് ആവശ്യമായ ചട്ടങ്ങള്‍ എത്രയുംവേഗം രൂപീകരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ സി ജോസഫിനേയും നേരില്‍ കണ്ട് നല്‍കാന്‍ യോഗം പ്രസിഡന്റ് കെ കെ ഉസ്മാനെ ചുമതലപ്പെടുത്തി. ഇന്‍കാസിന്റെ പ്രഥമ യോഗത്തില്‍ കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കരിയാട് സ്വാഗതവും ആര്‍ പി ഹസ്സന്‍ നന്ദിയും പറഞ്ഞു.