ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 80 രാജ്യങ്ങള്‍ക്ക് ഖത്തറിലേക്ക് പോകാന്‍ വിസ വേണ്ട

ദോഹ: ഇനി ഖത്തറിലേക്ക് പോകാന്‍ ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങള്‍ക്ക് വിസ വേണ്ട. ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാം. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുകയോ ഫീസ് അടയ്ക്കുകയോ വേണ്ട. ഖത്തറിലേക്കുള്ള പ്രവേശന കവാടത്തില്‍ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കും.

33 രാജ്യങ്ങള്‍ക്ക് ഖത്തറില്‍ 90 ദിവസം തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വെയ്‌വര്‍(ബഹുപ്രവേശനാനുമതി)യായിരിക്കും ലഭിക്കുക. അതെസമയം ഇന്ത്യയടക്കം 47 രാജ്യങ്ങള്‍ക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹു പ്രവേശന അനുമതിയാണ് കിട്ടുക.

80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നതിലൂടെ ഖത്തറിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി അവസരം ഒരുക്കുന്നതെന്ന് ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഹസന്‍ അബ്ദുറഹ്മാന്‍ അല്‍ ഇബ്രാഹിം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേസ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍, ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ആന്‍ഡ് എക്‌സ്പാട്രിയേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് അല്‍ മര്‍സുഖി തുടങ്ങിയവര്‍ സംബന്ധിച്ചു.