ഖത്തറില്‍ ഫോണ്‍, ടാബ്ലെറ്റ്‌ തുടങ്ങിയവ നന്നാക്കാന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കുക;സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്‌

Untitled-1 copyദോഹ: സ്‌മാര്‍ട്ട്‌ ഫോണും ടാബ്ലറ്റുമെല്ലാം നന്നാക്കാന്‍ കൊടുക്കുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്‌. ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന സ്വകാര്യവിവരങ്ങള്‍ വെച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും വര്‍ദ്ധിച്ചുവരുന്നുണ്ട്‌. ഇത്തരത്തില്‍ ലഭിച്ച പരാതികളെ തുടര്‍ന്ന്‌ ഖത്തര്‍ സിഐഡി വിഭാഗം മൊബൈല്‍ സെയില്‍സ്‌ ആന്റ്‌ സര്‍വീസ്‌ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 35 പുരുഷന്‍മാരെ അറസ്റ്റ്‌ ചെയ്‌തു. സ്‌ത്രീകളായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ നന്ത്രമെന്നും അല്‍ റായാ പത്രം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതുകൊണ്ട്‌ തന്നെ സ്‌മാര്‍ട്ട്‌ ഫോണുകളും ടാബ്ലെറ്റുകളുമെല്ലാം റിപ്പയര്‍ ചെയ്യാന്‍ കൊടുക്കുമ്പോള്‍ ശ്ര്‌ദ്ധിക്കണമെന്ന്‌ അധികാരികള്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

അതെസമയം ഈ മേഖലയിലെ മറ്റൊരു തട്ടിപ്പു നടക്കുന്ന മേഖല ഇലക്ട്രോണിക്‌സ്‌ ഉപകരണങ്ങളിലെ അസ്സല്‍ പാര്‍ട്‌സുകള്‍ മാറ്റി വിലകുറഞ്ഞ വ്യാജനെ സ്ഥാപിച്ചു നല്‍കുന്നതാണ്‌. ഉപഭോക്താവറിയാതെ ഒറിജിനല്‍ മാറ്റി അവിടെ ഡ്യൂപ്ലിക്കേറ്റുകള്‍ സ്ഥാപിക്കുകയും ഒറിജിനല്‍ നല്ല വിലയ്‌ക്ക്‌ മറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ വില്‍ക്കുകയുമാണ്‌ ചില കേന്ദ്രങ്ങള്‍ ചെയ്യുന്നത്‌. ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ പണച്ചിലവ്‌ കൂടുമെങ്കിലും ഓതറൈസ്‌ഡ്‌ സര്‍വീസ്‌ കേന്ദ്രങ്ങള്‍ വഴി ചെയ്യുന്നതായിരിക്കും നല്ലതെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. അതെസമയം വ്യാജ സ്‌പെയര്‍പാര്‍ട്‌സുകള്‍ വെച്ച്‌ റിപ്പയര്‍ ചെയ്യുന്നതുവഴി ഉപകരണങ്ങള്‍ വീണ്ടും കേടുവരാന്‍ സാധ്യതയുണ്ടെന്നും ഇതിനെതിരെ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.