ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ താനെ മൊബൈല്‍ ലോക്കാവുന്ന ആപ്പ്‌ പ്രചാരത്തില്‍

4794889717_999004eece_b-771x514ദോഹ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വമേധയാ ലോക്കാവുന്ന ആപ് ഖത്തര്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക കമ്പനി വികസിപ്പിച്ചെടുത്തു. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഡ്രൈവിംഗിലുണ്ടാവുന്ന അശ്രദ്ധ അപകടത്തിലേക്ക് നയിക്കുന്നത് തടയാനാണ് താത്ക്കാലികമായി ലോക്കാവുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഖത്തറില്‍ റോഡപകടത്തെ തുടര്‍ന്നുണ്ടാകുന്ന മരണ നിരക്ക് വര്‍ധിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാനിടയാക്കുകയും ചെയ്യുന്നത് പലപ്പോഴും ഡ്രൈവിംഗില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെയാണ്. അപകടങ്ങള്‍ക്ക് എണ്‍പത് ശതമാനത്തിലേറേയും കാരണം ഡ്രൈവിംഗിലെ മൊബൈല്‍ ഉപയോഗമാണെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറയുന്നു. ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്ററാണ് സലാംടെക് ആപ് വികസിപ്പിച്ചെടുത്തത്. ഡ്രൈവിംഗില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ ഒറ്റമൂലികളില്ലെന്നും സലാംടെക് ഖത്തറിന്റെ റോഡുകളുടെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ പ്രതിനിധികള്‍ പ്രത്യാശിച്ചു. റോഡ് സുരക്ഷ ഏറെ സങ്കീര്‍ണ്ണമായ കാര്യമാണെങ്കിലും ഒരു ജീവനെങ്കിലും തങ്ങളുടെ പരിശ്രമത്തിലൂടെ രക്ഷപ്പെടുകയാണെങ്കില്‍ അത് വലിയ നേട്ടമാണെന്ന് ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ അബ്ദുല്ല അല്‍ താലിബ് പറഞ്ഞു. ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍. 2013 ജൂണിലാണ് ആദ്യ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. വാഹനം പ്രത്യേക വേഗതയില്‍ യാത്ര തുടങ്ങിയാല്‍ ഫോണില്‍ നിന്നും സന്ദേശം പോവുകയും ലോക്കാവുകയും ചെയ്യും. ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യ ആന്‍ഡ്രോയിഡ് ഡൗണ്‍ലോഡ് ചെയ്യാനാവും. പേഴ്‌സണല്‍ വേര്‍ഷനാണ് ലഭ്യമാകുക. ഫാമിലി വേര്‍ഷനില്‍ നിന്നും മക്കളുടേയും ജീവനക്കാരുടേയും മൊബൈല്‍ ഫോണുകള്‍ ഡ്രൈവിംഗില്‍ നിരീക്ഷിക്കാനും സാധിക്കും. വരും മാസങ്ങളില്‍ ഐഫോണുകള്‍ക്കുള്ള മൂന്ന് വേര്‍ഷനുകള്‍ കൂടി പുറത്തിറക്കാനാണ് ഖത്തര്‍ മൊബിലിറ്റി ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ദേശിക്കുന്നത്.